ബെംഗളൂരു: മദ്യലഹരിയിൽ 20-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് 30 വയസുള്ള യുവതി മരിച്ചു. ബെംഗളൂരുവിലെ കെങ്കേരി ട്രാഫിക് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററിന് സമീപം ശനിയാഴ്ച വൈകീട്ട് 6.45-ഓടെയാണ് അപകടം നടന്നത്.
സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിലായി. ബസവേശ്വര നഗർ സ്വദേശിനി സന്ധ്യ (30) ആണ് മരിച്ചത്. സ്വകാര്യ ബസ് ഉടമ പരമേശ്വറിന്റെ മകൻ ധനുഷ് (20) ആണ് അറസ്റ്റിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനുഷിന്റെ പിതാവ് അടുത്തിടെ വാങ്ങിയ ആഡംബര കാറിൽ സുഹൃത്തിനൊപ്പം കറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാക്കൾ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച ആഡംബര കാറിടിച്ച് സയീദ് അർബാസ് എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്.
ധനുഷാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അമിതവേഗത്തിൽ സ്പീഡ് ബ്രേക്കറിൽ കയറിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയെ ഇടിക്കുകയും ഇരുവരും കാർ നിർത്താതെ പോകുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. അടുത്ത ട്രാഫിക് സിഗ്നലിൽവച്ച് നാട്ടുകാരാണ് കാർ തടഞ്ഞ് യുവാക്കളെ പുറത്തിറക്കി പോലീസിന് കൈമാറിയത്. ഇരുവർക്കും മർദനമേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.