ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൊമാലിലാന്‍ഡിലെ ഹര്ഗീസ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫ്ലൈദുബൈ വിമാനം ടേക്ക് ഓഫ് റദ്ദാക്കി. ഇതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 14 വിമാനങ്ങള്‍ സമീപത്തെ എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിമാനം പുറപ്പെടൽ റദ്ദാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഫ്ലൈദുബൈ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ലൈദുബൈയുടെ പ്രധാന പരിഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും ക്ഷേമമാണെന്നും വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ച യാത്രക്കാരെ ടെര്‍മിനലില്‍ എത്തിച്ചെന്നും ഇവര്‍ക്ക് യാത്ര ചെയ്യാനായി മറ്റൊരു വിമാനത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഫ്ലൈദുബൈ വിമാനം ടേക്ക് ഓഫ് റദ്ദാക്കിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 14 വിമാനങ്ങളാണ് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. പിന്നീട് വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. അതിഥികള്‍ക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയര്‍പോര്‍ട്ട് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. സുരക്ഷയും മികച്ച സര്‍വീസുമാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍പോര്‍ട്ട് അധികതര്‍ വ്യക്തമാക്കി.