ദുബൈ: കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ. വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ വിമാനത്താവളത്തിലെ ടെർമിനൽ 1ന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അടുത്ത 24 മണിക്കൂറിനുള്ളിൽ സാധാരണ നിലയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതർ.
ഫ്ലൈറ്റ് വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം മാത്രമേ ടെർമിനൽ 1 ലേക്ക് വരാൻ പാടുള്ളൂവെന്ന് യാത്രക്കാരോട് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് വിമാന കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതി. തിരക്കൊഴിവാക്കാനായി ടെർമിനൽ 1-ലേക്കുള്ള പ്രവേശനം നിലവിൽ യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെർമിനലിൽ റീബുക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലെന്നും അതത് വിമാന കമ്പനികളെ ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. നേരത്തെ എമിറേറ്റ്സ് എയർലൈനും ദുബൈയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് ഫ്ലൈറ്റ് ബുക്കിംഗും വിമാനം പുറപ്പെടുന്ന സമയവും ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിലേക്ക് വരാൻ പാടുള്ളൂ എന്ന് അറിയിച്ചിരുന്നു.
75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്തത്. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങൾ വളരെ വലുതാണ്. വെള്ളത്തിൽ മുങ്ങി നശിച്ച കാറുകൾ രാജ്യത്തെമ്പാടും ഉണ്ട്. വെള്ളം കയറിയ കടകളും നിരവധിയാണ്. അതേസമയം ദുബൈ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായി. മഴയ്ക്കായി ക്ലൌഡ് സീഡിങ് നടത്തിയിട്ടില്ലെന്നാണ് യുഎഇ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. മഴമേഘങ്ങൾക്കായി ക്ലൌഡ് സീഡിങ്ങനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മഴയ്ക്ക് കാരണം ക്ലൌഡ് സീഡിങ് അല്ല എന്നാണ് വിശദീകരണം.
ദുരിതത്തിൽ നിന്നു കരകയറാൻ സമ്പൂർണ പിന്തുണയാണ് യുഎഇ ഉറപ്പ് നൽകുന്നത്. പൗരൻ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്ന് പ്രസിഡന്റ് ഷെയഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പ്രതിസന്ധികൾ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാർത്ഥ കരുത്ത് വെളിവാക്കുന്നു എന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.