ദുബായ്: പുതുവത്സരാഘോഷത്തിനിടെ സഞ്ചാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ. അരമണിക്കൂറിനുള്ളില്‍ കണ്ടെത്തി തിരികെ
നല്കി ദുബായ് പൊലീസ്. പുതുവത്സരാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് പൊലീസിനെ തേടി അറബ് സഞ്ചാരിയുടെ പരാതി എത്തിയത്. 17 ലക്ഷം രൂപയിലധികം പണമുള്ള ബാഗ് ടാക്സി കാറിലെ യാത്രയ്ക്കിടെ നഷ്ടമായെന്നായിരുന്നു പരാതി. ഡോളറുകളായും ദിര്‍ഹമായും സൂക്ഷിച്ച പണമാണ് കാണാതായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു വിനോദ സഞ്ചാരി.
ഫോണ്‍ കോളിന് പിന്നാലെ പൊലീസ് ടാക്സി കാറിനായി തെരച്ചില്‍ ആരംഭിച്ചു. പരാതിക്കാരന് നല്കിയ വിവരങ്ങള്‍ അനുസരിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ടാക്സി കാര്‍ കണ്ടെത്താന്‍ ദുബായി പൊലീസിന് സാധിച്ചു. പിന്നാലെ ടാക്സി ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് കാറില്‍ പണം അടങ്ങിയ ബാഗ് ഡ്രൈവര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ പണം തിരികെ നല്കാന് ടാക്സി ഡ്രൈവര്‍ മുന്നോട്ട് വരികയായിരുന്നു. ദുബായ് പൊലീസ് ആപ്പിലൂടെയാണ് വിനോദ സഞ്ചാരി പണം നഷ്ടമായ വിവരം പരാതിപ്പെട്ടത്. അരമണിക്കൂറിനുള്ളില്‍ ടാക്സി ഡ്രൈവര്‍ പണം വിനോദ സഞ്ചാരിക്ക് തിരികെ നല്‍കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പണം തിരികെ ലഭിച്ചതിനുള്ള സന്തോഷം വിനോദ സഞ്ചാരി പൊലീസുമായി പങ്കുവച്ചു.