എഡിഎമ്മിന്റെ ആത്മഹത്യ; ദിവ്യയെ പാർട്ടിയും കൈ വിടുന്നു; മുതിർന്ന നേതാക്കൾ അടക്കം തള്ളിപ്പറഞ്ഞു; ദിവ്യ രാജിയിലേയ്ക്ക്

കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി കൂടുതൽ സിപിഎം നേതാക്കൾ. യാത്രയയപ്പ് യോഗത്തിൽ പോയി ദിവ്യ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നാണ് പികെ ശ്രീമതി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ശ്രീമതിടീച്ചർ പറഞ്ഞു. സംഭവം ഉണ്ടായ ഇന്നലെത്തന്നെ ദിവ്യയെ തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നും, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞിരുന്നത്.

Advertisements

ദിവ്യയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ഇന്ന് രംഗത്തെത്തിയിരുന്നു. ‘നവീൻ ബാബു അഴിമതിക്കാരനല്ല. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കുടുംബമാണ്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എഡിഎമ്മിന്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തും’ എന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ സിപിഎം അണികളിൽ ദിവ്യയ്ക്കെതിരെയുള്ള അമർഷം പുകയുകയാണ്. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജില്ലാകമ്മിറ്റി അംഗംകൂടിയായ ഒരു ജനപ്രതിനിധിയിൽ നിന്ന് ഇങ്ങനെയൊന്ന് ഉണ്ടാവാൻ പാടില്ലായിരുന്നു എന്നാണ് അവർ പറയുന്നത്. അധികാരത്തിന്റെ ഹുങ്ക് എന്നും ചിലർ രോഷം പ്രകടിപ്പിക്കുന്നുണ്ട്.

അതിനിടെ , നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചത്.

ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ദിവ്യയുടെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.

Hot Topics

Related Articles