തിരുവനന്തപുരം: കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ‘പ്രതിപക്ഷ നേതാവ് എവിടെ, അവനെ കൊല്ലും’ എന്ന് ആക്രോശിച്ചതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. അവര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് കല്ലെറിഞ്ഞുവെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ പരുക്കേല്‍പ്പിച്ചെന്നും വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ത്തെന്നും ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചു.
മാരാകായുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പ്രവര്‍ത്തകര്‍ ഗേറ്റ് മറികടന്ന് വളപ്പിലേക്ക് ചാടിക്കടന്നത്. പ്രതിഷേധക്കാരില്‍ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവെച്ചു. ഒരാളെ പൊലീസ് പുറത്ത് വിട്ടെന്ന് സ്റ്റാഫ് ആരോപിച്ചു.
പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് പുറത്ത് പ്രതിഷേധിക്കവെയാണ് നാല് പേര്‍ വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടികടന്നത്. എന്നാല്‍ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയതാണെന്ന് പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഫ്ളെക്സുകള്‍ വലിച്ചുകീറുകയും കോണ്‍ഗ്രസിന്റെ കൊടികള്‍ നശിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കന്റോണ്‍ ഹൗസിലേക്കും മാര്‍ച്ച് നടക്കുന്നത്.