തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണം അതീവ ഗൗരവമേറിയ വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. വിഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണ് യുവതി പറഞ്ഞത്. വിഡി സതീശൻ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നു. വേട്ടക്കാരനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാവണമെന്നും വികെ സനോജ് പറഞ്ഞു. എംഎൽഎക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാനാണ് കോൺഗ്രസ് ഹൈക്കമാൻ്റ് തീരുമാനം.

വിഡി സതീശൻ നടത്തിയത് ക്രിമിനൽ കുറ്റമാണെന്ന് വികെ സനോജ് പറഞ്ഞു. പരാതി മറച്ചു വച്ചു എന്നത് മാത്രമല്ല. അയാളെ സംരക്ഷിക്കാൻ ശ്രമിച്ചു. ഇത്തരക്കാരെ സംരക്ഷിച്ച ചരിത്രമാണ് കോൺഗ്രസുകാർക്കുള്ളത്. കോൺഗ്രസ്സിനകത്ത് പെൺകുട്ടിക്ക് വേണ്ടി ശബ്ദം ഉയരുന്നില്ല. കോൺഗ്രസ് തണലിലാണ് തെമ്മാടിത്തരം കാണിക്കുന്നതെന്നും വികെ സനോജ് പറഞ്ഞു. യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ പൊലീസിൽ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുൽ റഹ്മാൻ പറഞ്ഞു. സർക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടെ സർക്കാർ നിലപാട് എല്ലാവരും കണ്ടതാണ്. പ്രിവിലേജുകൾക്ക് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്.

അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.

ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം രാജി ആവശ്യപ്പെട്ടു.