ലാസ: കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 120 ലധികം ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ടിബറ്റിൽ ഭൂകമ്പമുണ്ടാകുന്നത്. 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജപ്പാനിൽ വൻ ഭൂകമ്പമാണ് ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തത്. 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചിരുന്നു. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ജനുവരി 7നാണ് ടിബറ്റിനെ പിടിച്ചുലച്ച വൻ ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു മണിക്കൂറിനുള്ളിൽ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. തുടക്കത്തിൽ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, രക്ഷാപ്രവർത്തകർ നടത്തിയ വ്യാപക പരിശോധനകളിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മറ്റും നിരവധി മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. 300ഓളം പേർക്കാണ് പരിക്കേറ്റത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.