കണ്ണൂർ : ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കി വിവാദം സൃഷ്ടിച്ച ഇ ബുൾജെറ്റ് വ്ലോഗർമാർ വീണ്ടും പുതിയൊരു കാരവനുമായാണ് എത്തിയിരിക്കുന്നത്. മോട്ടോർ വാഹനം വകുപ്പ് പിടിച്ചെടുത്ത ഇവരുടെ മോഡിഫൈ ചെയ്ത വണ്ടി ഒന്നര വർഷമായി ആർടിഒ കസ്റ്റഡിയിലാണ്. ഇത് വിട്ടുകിട്ടാതെ വന്നതോടെയാണ് ഇവർ പുതിയ വാഹനം റോഡിലിറക്കിയിരിക്കുന്നത്. എന്നാൽ അതിന്റെ രൂപത്തിലും മാറ്റം വരുത്താനാണ് പദ്ധതിയെങ്കിലും വാഹനം ഉടൻ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പും തയ്യാറായിക്കഴിഞ്ഞു.
ലിബിൻ, എബിൻ എന്നീ പേരുള്ള വ്ലോഗർമാരാണ് ഇ ബുൾജെറ്റ് വ്ലോഗർമാർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയൻ എന്ന വാനിന്റെ രൂപത്തിലും നിറത്തിലും മാറ്റം വരുത്തിയതോടെയാണ് ആർടിഒ ഇവരെ പൊക്കിയത്. അന്വേഷണത്തിൽ ടാക്സ് പൂർണമായും അടക്കാത്തത് ഉൾപ്പെടെയുള്ള നിയമ ലംഘനം നടത്തിയതായി ആർടിഒ കണ്ടെത്തി. പിന്നാലെ വാൻ കസ്റ്റഡിയിൽ എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഇവർ പ്രതിഷേധിച്ച് രംഗത്തെത്തി. പിഴയടയ്ക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് ഇവർ ആർടിഒ ഓഫീസിൽ ആക്രമണം നടത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥർ ഇവരെ പിടിച്ച് അകത്തിട്ടു. പഴയ സ്റ്റിക്കർ നീക്കാതെ തന്നെ വണ്ടി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്ലോഗർമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതിനിടെയാണ് പുതിയ വാഹനം എടുത്ത് രൂപമാറ്റം വരുത്താനൊരുങ്ങുന്നത്. വണ്ടിയുടെ പണി കൊച്ചിയിൽ പുരോഗമിക്കുകയാണ്. എന്നാൽ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാൽ ഇവരെ വീണ്ടും പൂട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.