കൊച്ചി: ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കൈക്കൂലി കേസെടുത്തതോടെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി. ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി. അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം. രഹസ്യസ്വഭാവത്തിൽ അയക്കേണ്ട സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും. അഡീഷണൽ ഡയറക്ടറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇഡിയിൽ തുടർനടപടി.
അതേസമയം, ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസിന്റെ കൈക്കൂലി കേസിൽ പരിശോധന തുടരുന്നുവെന്നും തെളിവുകൾ കിട്ടിയെന്നും വിജിലൻസ്. വിജിലൻസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന ചാർട്ടേണ്ട് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ, ഇടനിലക്കാരായ വിൽസൺ, മുരളി മുകേഷ് എന്നിവർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് എസ് പി ശശിധരൻ വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കേസിൽ ഇതുവരെ ഇഡിയെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജിലൻസ് എസ് പി പറഞ്ഞു.