കൊച്ചി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറ്റ്ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അറ്റ്ലസ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡ്, ഉടമയായ അറ്റ്ലസ് രാമചന്ദ്രന് (എം എം രാമചന്ദ്രന്), ഇന്ദിര രാമചന്ദ്രന് എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. ജനുവരിയില്‍ അറ്റ്ലസ് ജ്വല്ലറിയുടെ മുംബൈ, ബെംഗളൂരു, ദില്ലി ശാഖകളിലും ഓഫിസുകളിലും ഇ ഡി റെയ്ഡ് നടത്തി 26.50 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.
സ്വര്‍ണം, വെള്ളി, രത്നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയില്‍നിന്ന് 2013-18 സമയത്ത് 242 കോടി രൂപ അറ്റലസ് ജ്വല്ലറി വായ്പ എടുത്തിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് വായ്പ എടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ഇഡിയും അന്വേഷണം നടത്തി.