എടത്വ ജംഗ്ഷനിലെ എടിഎം കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമം നടത്തിയ പ്രതി പിടിയില്‍. എടത്വ ജംഗ്ഷനില്‍ ബാങ്ക് ഓഫ് ബറോഡ എടത്വ ശാഖയുടെ എടിഎംലാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. പാലക്കാട് റെയില്‍വേ പുറംപോക്കില്‍ നിന്നും വന്ന് എടത്വ പാലത്തിനു താഴെ താമസിക്കുന്ന സത്യവേല്‍ (19) ആണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ബാങ്കിന് സമീപത്തെ എടിഎം കൗണ്ടര്‍ കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴായതോടെ പിന്‍തിരിഞ്ഞു. ഇന്ന് രാവിലെ ജീവനക്കാര്‍ ബാങ്കില്‍ എത്തിയപ്പോഴാണ് എടിഎം തുറക്കാന്‍ ശ്രമം നടന്നതായി അറിയുന്നത്. ബ്രാഞ്ച് മാനേജര്‍ എടത്വ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വഷണം ആരംഭിച്ചു. എടിഎം കൗണ്ടറിലെ സിസി ടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് ഇന്നലെ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു. എടത്വ സിഐ കെ ബി ആനന്ദബാബു, എസ് ഐ മാരായ എസ് അരുണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, എഎസ്‌ഐ സജികുമാര്‍, സീനിയര്‍ സിപിഒ മാരായ സുനില്‍ കുമാര്‍, ശ്രീകുമാർ എന്നിവർ അന്വേഷണത്തിനു നേതൃത്വം നല്‍കി.