വൈക്കം: മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഡവലപ്പ്‌മെന്റ് ആൻഡ് ട്രയിനിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ രണ്ടിന് പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല നടത്തും. വൈക്കം തെക്കേനടകാളിയമ്മ ക്ഷേത്രത്തിന് തെക്കുവശത്തുള്ള എം ഐ ആർ ഡി ടി ഓഫീസിൽ രാവിലെ 9.30ന് നടക്കുന്ന ശില്പശാല എം ജി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് മുൻ മേധാവിയും എംപ്ലോയ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് ബ്യൂറോ മുൻ ഡയറക്ടറായിരുന്ന പ്രഫ. ഡോ.ടി.വി.തുളസീധരൻ ഉദ്ഘാടനം ചെയ്യും. എം ഐ ആർ ഡി ടി പ്രസിഡന്റ് ഡോ. സി. ആർ.വിനോദ് കുമാർ അധ്യക്ഷതവഹിക്കും. കരിയർ ട്രയിനർ എസ്. രതീഷ്‌കുമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. വൈക്കത്തെ ഹൈസ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 25 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കളുമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ് പഠന കാലത്ത് തന്നെ വിദ്യാർഥികളുടെ അഭിരുചിക്കും കഴിവിനും ആഗ്രഹത്തിനും യോജിച്ച പഠന മേഖലകൾ കണ്ടെത്താനും അതനുസരിച്ച് ഹയർ സെക്കൻഡറിമുതലുള്ള പഠനം ക്രമീകരിക്കാനും തൊഴിൽ കണ്ടെത്തുന്നതുവരെ മാർഗദർശനം നൽകാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. രജിസ്‌ട്രേഷൻ ലഭിച്ച വിദ്യാർഥികൾ രക്ഷിതാവിനൊപ്പം രാവിലെ 9.30ന് തെക്കേനട കാളിയമ്മനട ക്ഷേത്രത്തിന് തെക്കുവശത്തെ എം ഐ ആർ ഡിറ്റി ഓഫീസിൽ ഹാജരാകണമെന്ന് പ്രസിഡന്റ് ഡോ. സി.ആർ. വിനോദ് കുമാർ അറിയിച്ചു.