ഓണാഘോഷത്തിനിടെയുണ്ടായ കത്തിക്കുത്ത് കേസിൽ ഒന്നാം പ്രതി പിടിയിൽ

പത്തനംതിട്ട: ഇലവുംതിട്ട നല്ലാനിക്കുന്നിൽ തിരുവോണദിവസം ഓണാഘോഷത്തിനിടെയുണ്ടായ കത്തിക്കുത്തിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. മെഴുവേലി പൂപ്പൻ കാല അംഗനവാടിയ്ക്ക് സമീപം മോടിയിൽ വീട്ടിൽ സോമന്റെ മകൻ പീപ്പൻ എന്നുവിളിക്കുന്ന സജിത്ത് എസ് (39) ആണ് മണിക്കൂറുകൾക്കകം പോലീസിന്റെ വലയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതികൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചിരുന്നു, തുടർന്ന് രണ്ടുപ്രതികളെ ഉടനടി കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെതുടർന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഓടിരക്ഷപ്പെട്ട ഒന്നാം പ്രതി, ഇയാളുടെ തുടയ്ക്ക് പരിക്കേറ്റതിന് ചികിത്സ തേടി അടൂർ ജനറൽ ആശുപത്രിയിൽ എത്തി. ഈ വിവരം അറിഞ്ഞ് ഇന്ന് വെളുപ്പിന് അവിടെയെത്തിയ എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഇയാൾക്ക് കാവൽ ഏർപ്പെടുത്തുകയും ഇന്ന് രാവിലെ 8 മണിക്ക് ഡിസ്ചാർജ് ആയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയുമാണ് ഉണ്ടായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ശാസ്ത്രീയ കുറ്റാന്വേഷണ സംഘത്തിന്റെയും മറ്റും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സ്റ്റേഷനിൽ ഹാജരാക്കിയ സജിത്തിനെ ഡി വൈ എസ് പി എസ് നന്ദകുമാർ, പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു, പ്രതി കുറ്റം സമ്മതിക്കുകയും, കുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ഇയാളുടെ വീടിന് സമീപം പൂപ്പൻ കാല കോളനി റോഡിനു പടിഞ്ഞാറുള്ള പള്ളിയയ്യത്ത് കുഞ്ഞുകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലുള്ള മരത്തിന്റെ ഇടയിൽ ഒളിപ്പിച്ചുവച്ച നിലയിൽ പോലീസ് സംഘം കത്തി കണ്ടെത്തി. ചെന്നീർക്കര നല്ലാനിക്കുന്ന് ഡ്രീംസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണദിവസം നടന്ന പരിപാടി ഇയാൾ ഉൾപ്പെടെയുള്ള 7 പേരുടെ സംഘം അലങ്കോലമാക്കിയതാണ് സംഘർഷത്തിനും ആക്രമണത്തിനും ഇടയാക്കിയത്. സംഘാടകരായ 4 പേർക്ക് ഇവരുടെ ആക്രമണത്തിൽ കുത്തേറ്റിരുന്നു. ആറാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ നിധീഷ് കുമാർ (26), ഏഴാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ വാലിയേഴത്ത് വീട്ടിൽ വേണുവിന്റെ മകൻ അഖിൽ വി എസ് (22) എന്നിവരെ ഉടനെ തന്നെ പോലീസ് പിടികൂടിയിരുന്നു. രണ്ടു മുതൽ അഞ്ചു വരെ പ്രതികൾ ഒളിവിലാണ്. ചെന്നീർക്കര ഇലവുംതിട്ട നല്ലാനിക്കുന്ന് പ്ലാവ് നിൽക്കുന്നതിൽ വീട്ടിൽ സന്തോഷ്‌കുമാറിന്റെ മകൻ ആരോമൽ (20), ഇയാളുടെ ചേട്ടൻ അഖിൽ, ആരോമലിന്റെ സുഹൃത്തുക്കളായ വിജേഷ്, സുബിൻ എന്നിവർക്കാണ് കുത്തേറ്റത്.ആരോമൽ, അഖിൽ, വിജേഷ് എന്നിവർക്ക് നെഞ്ചിലും വയറ്റിലും തുടയിലുമാണ് ഗുരുതര മായി മുറിവേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.