തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ സംഭവത്തില്‍ പി.വി.അൻവറിനെതിരേ എഫ്.ഐ.ആർ ഇടാൻ റിട്ടേണിങ് ഓഫീസർക്ക് തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദേശം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് കമീഷൻ ഫ്ലയിങ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.സി. വിവേക് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിർദേശം ലംഘിച്ചെന്നാണ് കണ്ടെത്തല്‍.
ചൊവ്വാഴ്ച രാവിലെ ചേലക്കരയിലെ ഹോട്ടലില്‍ നാടകീയ രംഗങ്ങളായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനത്തിനിടെ അരങ്ങേറിയത്. നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി എത്തിയ ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയക്കുകയായിരുന്നു. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. വിഷയത്തില്‍, അൻവറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.