ന്യൂഡൽഹി : തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ നിലപാട് നിര്ണ്ണായകമാകുമ്പോഴാ ണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പച്ചക്കൊടി കാട്ടുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്റെ നിലപാട് തേടും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്നാണ് കമ്മീഷന് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലും വേണ്ട ഭേദഗതികള്‍ പ്രത്യേക സമിതി പരിശോധിക്കുകയാണ്. അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ ഭാരിച്ച പണച്ചലെവ് കുറയ്ക്കാനാകുമെന്നാണ് കമ്മീഷന് കാണുന്ന ഒരു നേട്ടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി ഭാരവും കുറയും. ഒന്നിച്ചുള്ള തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാര്‍ അവരുടെ അവകാശം വിനിയോഗിക്കുമെന്നും അതുവഴി പോളിംഗ് ശതമാനം ഗണ്യമായി കൂട്ടാനാകുമെന്നും കമ്മീഷന് വിലയിരുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് കൂടി കമ്മീഷന് തേടേണ്ടി വരും. പ്രധാന കക്ഷികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത് പ്രതിസന്ധിയായേക്കും.
അതേ സമയം രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്നേക്കും. പ്രാഥമിക ചര്‍ച്ച നടന്ന ആദ്യ യോഗത്തില്‍ 8 അംഗസമിതിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെ നാല് പേര് മാത്രമാണ് പങ്കെടുത്തത്.