പ്രധാനമന്ത്രിക്കെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് രംഗത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി എന്നാണ് വിമർശനം. രാജഭക്തിയുടെ മികച്ച ഉദാഹരണമാണ് കമ്മീഷന്‍റെ നിർദേശമെന്ന് ജയറാം രമേശ് ആരോപിച്ചു. കോൺഗ്രസ് ഭരണഘടന സംരക്ഷണത്തിനായി നിലകൊള്ളുന്ന പാർട്ടിയാണെന്നും ജയറാം രമേശ് പറഞ്ഞു. മുസ്‍‍ലിംകള്‍ക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ വിമർശനം. രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയും പരാതി നൽകിയിരുന്നു. തുടർന്ന് പേര് പറയാതെ താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്നാണ് ബി ജെ പി – കോൺഗ്രസ് പാർട്ടി അധ്യക്ഷൻമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. താര പ്രചാരകർ വാക്കുകളിൽ ശ്രദ്ധാലുക്കളാകണമെന്നും പ്രസംഗങ്ങളിൽ മര്യാദ പാലിക്കാൻ നിർദ്ദേശം നൽകണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകർക്ക് രേഖാമൂലം നിർദ്ദേശം നൽകണമെന്നാണ് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.Lമോദിയുടെയും രാഹുലിന്‍റെയും പേര് പരാമർശിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ബി ജെ പിക്ക് ഉത്തരവാദിത്തം കൂടുതൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നദ്ദക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിധിയില്ലാത്ത സ്വാതന്ത്ര്യം പ്രതിപക്ഷത്തിനില്ലെന്നത് അടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് അധ്യക്ഷനോട് കമ്മീഷൻ ചൂണ്ടികാട്ടിയത്.

Advertisements

Hot Topics

Related Articles