തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ യൂണിയൻ നേതാവിനെ തിരഞ്ഞടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ നേതാവിനെതിരെയാണ് നടപടി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ നേതാവായ കെ എൻ അശോക് കുമാറിന് പ്രിസൈഡിങ് ഓഫീസറുടെ ചുമതലയാണ് ഉണ്ടായിരുന്നത്. സംഘടനാ സെക്രട്ടറിയെന്ന നിലയിൽ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ പേരിലാണ് നടപടി. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
നേരത്തെ കണ്ണാടി എന്ന പേരിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയുടെ പേരിൽ ഒരു ലഘുലേഖ വിതരണം ചെയ്തത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പുമായും രാഷ്ട്രീയമായും ബന്ധപ്പെട്ടുള്ള ചില ആരോപണങ്ങളും പ്രസ്താവനകളും ലഘുലേഖയിലുണ്ടായിരുന്നു. എന്നാൽ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുമ്പാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സെക്രട്ടറിയുടെ പേരിൽ ലഘുലേഖ പുറത്തിറങ്ങിയത് എന്നായിരുന്നു അശോക് കുമാറിന്റെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വന്തം പേരിൽ രാഷ്ട്രീയ പ്രസ്താവന അച്ചടിച്ചിറക്കിയ ഒരാൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യ ചുമതലയിലിരിക്കുന്നത് ദോഷം ചെയ്യുമെന്നും അങ്ങനെ പരസ്യപ്രസ്താവന നടത്തിയ ഒരാളെ ആ പദവിയിൽ നിന്ന് മാറ്റണമെന്നുമായിരുന്നു ബിജെപിയുടെ പരാതിയിലുണ്ടായിരുന്നത്. പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷനും പെരുമാറ്റ ചട്ട ചുമതലയുള്ള അസിസ്റ്റന്റ് കലക്ടറും അശോക് കുമാറിന്റെ വാദം കേട്ടിരുന്നു. ഈ വാദം തള്ളിയാണ് പ്രിസൈഡിങ് ഓഫീസർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തത്.