ദില്ലി: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയല്ലെന്ന് കമ്മീഷൻ പറയുന്നു. ശകുൻ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ട് ചെയ്തു എന്നതിന് തെളിവെന്താണെന്നും അന്വേഷണത്തിനായി ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നൽകണമെന്നും കമ്മീഷൻ പറയുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നൽകിയുള്ള കമ്മീഷന്റെ നീക്കം.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച് നാളെ നടക്കാനിരിക്കെ വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുൽ, തന്‍റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്‍റെ മുന്നേറ്റം. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷന്‍റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സഖ്യകക്ഷികളുടെ പിന്തുണയേറുകയാണ്. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി കോൺഗ്രസുമായി നേരത്തെ തെറ്റി നിന്ന പാർട്ടികളും ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. നാളെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ത്യ സഖ്യ എംപിമാർക്ക് അത്താഴ വിരുന്ന് നൽകുന്നുണ്ട്. ബീഹാറിൽ സെപ്തംബർ ഒന്നിന് നടക്കുന്ന മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്രഖ്യാപനമാകും
