കേരള ടു നേപ്പാള്‍: ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ എനര്‍ജി ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഇവി വാഹനത്തില്‍ രണ്ടായിരത്തോളം കിലോമീറ്റര്‍ താണ്ടി കാഠ്മണ്ഡുവിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. യൂട്യൂബറും ട്രാവലറുമായ യാസിന്‍ മുഹമ്മദ്,കേരളത്തിലെ മുന്‍നിര ഇ.വി ഫാസ്റ്റ് ചാര്‍ജ്ജിങ് സ്റ്റേഷന്‍ കമ്പനിയായ ഗോ ഇ.സി നേപ്പാള്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍, ഗോ ഇ.സി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ യദു കൃഷ്ണന്‍ എന്നിവരാണ് സംഘാംഗങ്ങൾ. കൊച്ചിയില്‍ നിന്നും യാത്ര ആരംഭിച്ച ഇവര്‍ ബാംഗ്ലൂര്‍, ഹൈദരബാദ്,നാഗ്പൂര്‍,ജംബല്‍പൂര്‍, പ്രയാഗ്‌രാജ്, വാരണാസി, പട്‌ന വഴി കാഠ്മണ്ഡുവില്‍ പ്രവേശിക്കും. പ്രമുഖ ഇവി വാഹന നിര്‍മ്മാതാക്കളായ ടാറ്റാ ഇവിയുമായി ചേര്‍ന്നുകൊണ്ട് ഗോ ഇ.സിയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവര്‍ത്തനം നേപ്പാളിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബോധവത്കരണ യാത്ര സംഘടിപ്പിച്ചത്.

Advertisements

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര മെയ് എട്ടിന് സമാപിക്കും. കൊച്ചിയില്‍ നിന്നും യാത്ര തുടങ്ങിയ സംഘത്തിന് തൃശൂരില്‍ സ്വീകരണം നല്‍കി. ആദ്യ ദിന യാത്ര പാലക്കാട് വിന്‍ഡ് മില്ലിലാണ് സമാപിച്ചത്. കേരളത്തില്‍ നിന്നും രണ്ടായിരത്തിലധികം കിലോമീറ്റര്‍ താണ്ടുന്ന ഇവര്‍ യാത്രയിലുടനീളം പ്രമുഖ സര്‍വകലാശാലകള്‍, സോളാര്‍ എനര്‍ജി പാടങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. കൂടാതെ, വിവിധയിടങ്ങളില്‍ സുസ്ഥിരത, ഇ-മൊബിലിറ്റി, പ്രകൃതി സംരക്ഷണം എന്നിവയെ സംബന്ധിച്ചുള്ള നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ദീര്‍ഘദൂര യാത്രയ്ക്ക് ഇവി വാഹനം ഗുണകരമാണന്ന സന്ദേശം വാഹനപ്രേമികളിലേക്ക് എത്തിക്കുക, ഇവി വാഹന ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രകൃതി സൗഹൃദ യാത്ര ശക്തിപ്പെടുത്തുക എന്നിവയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഗോഇസി സിഇഒ പിജി രാംനാഥ് പറഞ്ഞു. കൊച്ചിയിലെ ടാറ്റാ ഇവി ഷോറൂമില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്‌ളോഗര്‍ വിവേക് വോണുഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗോഇസിയുടെ സിഇഒയും സഹസ്ഥാപകനുമായ പിജി രാംനാഥ്, ഗോ ഇസി സഹസ്ഥാപകന്‍ എ.പി ജാഫര്‍, ജനറല്‍ മാനേജര്‍ ജോയല്‍ യോഹന്നാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നവനീത് ജോസ്, ടാറ്റാ മോട്ടോഴ്‌സ് സീനിയര്‍ മാനേജര്‍മാരായ ശ്രീറാം രാജീവ്, നിതിന്‍ മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles