തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇലക്‌ട്രിക് ബസുകള്‍ സർവീസ് ആരംഭിച്ചതിന് ശേഷം ഡീസല്‍ ഉപഭോഗം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയില്‍. ഇല്ക്‌ട്രിക് ബസ് സംബന്ധിച്ച് മന്ത്രിയും സർക്കാറും ഭിന്നാഭിപ്രായം നിലനില്‍ക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുൻമന്ത്രി ആന്റണി രാജുവിന്റെ ഇലക്‌ട്രിക് ബസ് പരീക്ഷണം പരാജയമാണെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിക്കെതിരെ മുന്നണിയില്‍ നിന്ന് എതിർപ്പുയർന്നു.
എന്നാല്‍, ഇലക്‌ട്രിക് ബസ് ഡീസല്‍ ചെലവ് കുറച്ചെന്ന് മന്ത്രി സഭയില്‍ സമ്മതിച്ചു. പ്രതിദിനം ഡീസല്‍ ചെലവ് 30 ലക്ഷം കുറയ്ക്കാനുള്ള നടപടി കെഎസ്‌ആർടിസി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. രാത്രി കാലങ്ങളില്‍ ഉള്‍പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകള്‍ രാത്രി ആളില്ലാതെ തിരിച്ചുവരുന്നത് ഒഴിവാക്കാൻ സ്റ്റേ സർവീസായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബസ് ജീവനക്കാർക്കുള്ള താമസ സൗകര്യം തദ്ദേശ സ്ഥാപനങ്ങളോ റസിഡന്റ്സ് അസോസിയേഷനുകളോ ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഡീസല്‍ ബസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചോ, ഇ-ബസുകള്‍ ലാഭത്തിലാണോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായി ഉത്തരം നല്‍കിയതുമില്ല.