നെയ്യാറ്റിൻകര: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികൻ കൊല്ലപ്പെട്ടതിന് പിന്നില്‍ കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥ എന്ന് തെളിയുന്നു.വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നതും വൈദ്യുതി പ്രവഹിക്കുന്ന വിവരവും അറിയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കെഎസ്ഇബി തിരിഞ്ഞുപോലും നോക്കാത്തതില്‍ പ്രതിഷേധമുയരുന്നു. കൊല്ലയില്‍ ഓണംകോട് നടൂർക്കൊല്ല തൈത്തൂർ വിളാകത്ത് വീട്ടില്‍ ബാബുവിനെ (68) ആണ് കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യില്‍ പൊള്ളലേറ്റ പാടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.
സംസ്ഥാന ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേയാണ് വ്യാഴാഴ്ച മന്ത്രിയുടെ നിർദ്ദേശമുണ്ടായത്. അന്നു തന്നെ നഗരൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തേക്കിൻകാട് ഷഹ്നാസ് വില്ലയില്‍ സഫിയുദ്ദീൻ (63) മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ബാബുവിന്റെ മരണം. പൊട്ടിവീണ ലൈനിനെക്കുറിച്ച് ജനം പലവട്ടം വിവരം നല്‍കിയിട്ടും എന്തുകൊണ്ട് നടപടിയെടുക്കാൻ വൈകിയെന്ന ചോദ്യത്തിന് കെഎസ്ഇബി മറുപടി നല്‍കേണ്ടി വരും.അതേസമയം, ഇൻസ്റ്റലേഷനില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ വകുപ്പുതലത്തിലും, പോലീസ് തലത്തിലും നടപടിയെടുക്കുമെന്നും ചീഫ് സേഫ്റ്റി ഓഫിസർ അറിയിച്ചു.