കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ച സംഭവത്തില്‍ നാട്ടാന പരിപാലന നിയമലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സർവേറ്റർ ആർ കീർത്തി. ഒരു തരത്തിലുള്ള നിയമലംഘനങ്ങളും നടന്നിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ആവർത്തിച്ച് പറഞ്ഞത്. എന്നാല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ മന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടില്‍ ചട്ടലംഘനത്തെ കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ട്.
ആനകളുടെ സമീപത്ത് നിന്ന് പടക്കം പൊട്ടിക്കരുതെന്ന നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടു. നാട്ടാന പരിപാലനത്തില്‍ ചട്ടലംഘനം കണ്ടെത്തിയ സ്ഥിതിക്ക് തുടർ നടപടിക്കായി ശുപാർശ ചെയ്തിട്ടുണ്ടെന്ന് കണ്‍സർവേറ്റർ പ്രതികരിച്ചു. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ എന്ന ആന മുന്നില്‍ കയറിയതാണ് പീതാമ്പരൻ എന്ന ആനയെ പ്രകോപിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ക്ഷേത്രത്തിലെത്തിയ ഫോറസ്റ്റ് കണ്‍സർവേറ്ററും മറ്റ് ഉദ്യോഗസ്ഥരും പ്രാഥമിക അന്വേഷണം നടത്തി. പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകള എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട അകലം എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ റിപ്പോർട്ടിലുണ്ട്.