പത്തനംതിട്ട : റാന്നി കുറുമ്പൻമുഴിയില്‍ നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴാണ് ചെരിഞ്ഞത്. അണുബാധയാണ് കാരണമെന്നാണ് സംശയം. പ്രസവശേഷം അമ്മയാന ഉപേക്ഷിച്ചുപോയ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്രയും നാള് പരിപാലിച്ചുപോന്നത്.
കുറുമ്പന്‍മുഴിയില്‍ റബ്ബര്‍ തോട്ടത്തിലെ ചെരിവിലാണ് ആന പ്രസവിച്ചത്. ഉയര്‍ന്ന പ്രദേശത്തു നിന്ന് കുട്ടിയാന താഴേക്ക് വീഴുകയായിരുന്നു. തള്ളയാന ഉപേക്ഷിച്ചുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയാനയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫിസിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസവിച്ചയുടൻ അമ്മയില്‍ നിന്ന് വേര്‍പെട്ടുപോയ കുഞ്ഞിന് ബീറ്റ് ഓഫീസര്‍ നിതിനും വാച്ചര്‍ ജോസഫുമൊക്കെയാണ് ആ കരുതല്‍ നല്‍കിയിരുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും പോലെയായിരുന്നു ഭക്ഷണരീതി. ഒന്നരമണിക്കൂര്‍ ഇടവിട്ട് പാല് കുടിപ്പിച്ചു.ഇളം വെയില് കൊള്ളിച്ചു.ലാക്ടോജനാണ് കൊടുത്തിരുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെയാണ് നോക്കിയിരുന്നത്. ഇടയ്ക്കവൻ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റാല്‍ ആരെയും കണ്ടില്ലെങ്കില്‍ വിളിയും ബഹളവുമൊക്കെയായിരുന്നു. ആ സ്നേഹ പരിചരണവും വിഫലമായി. കുട്ടിക്കൊമ്പന് മടങ്ങി.