തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ കാട്ടാനകളുടെ കണക്കെടുക്കുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. മെയ് 23,24,25 തീയതികളിലായിരിക്കും കണക്കെടുപ്പ് നടക്കുക. ജൂലൈ ഒമ്പതിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളത്തിലെ കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് വനംവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ ദിവസങ്ങളില്‍ കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇതേ ദിവസം തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും അവരുടെ കാടുകളിലെ കാട്ടാനകളുടെ കണക്കെടുക്കും.
മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. 23 ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് മെത്തേഡിലും 24 ന് പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധമായ പരിശോധനകള്‍ക്ക് വിധേയമാക്കി ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് ജൂലൈ ഒന്‍പതിന് സമര്‍പ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ലെ കണക്കെടുപ്പില്‍ (ബ്ലോക്ക് കൗണ്ട്) കേരളത്തില്‍ 1920 ആനകള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് 2023 ലെ കണക്കെടുപ്പില്‍ പങ്കാളികളായത്. ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പരിശീലനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി ജയപ്രസാദ് അറിയിച്ചു.