“വെറുപ്പുളവാക്കുന്ന മ്ലേച്ഛത; നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം”; ട്രംപിൻ്റെ നികുതി-ചെലവ് ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മസ്ക്

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിൻ്റെ പുതിയ നികുതി-ചെലവ് ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ കോടീശ്വരനും മുൻ ഡോജ് മേധാവിയുമായിരുന്ന ഇലോൺ മസ്ക് രം​ഗത്ത്. ഫെഡറൽ കമ്മി വർദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് ട്രംപിൻ്റെ പുതിയ ബില്ലിനെ മസ്ക് വിശേഷിപ്പിച്ചത്. ‘ക്ഷമിക്കണം, പക്ഷേ എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല’ എന്നായിരുന്നു റിപ്പബ്ലിക്കൻ പിന്തുണയോടെ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ബില്ലിനെതിരെ രോഷം പ്രകടിപ്പിച്ചുകൊണ്ട് മസ്ക് എക്സിൽ കുറിച്ചത്.

Advertisements

‘ഈ ഭീമമായ, അതിരുകടന്ന, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കോൺഗ്രസിൻ്റെ ചെലവ് ബിൽ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു, നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം’, എന്നായിരുന്നു മസ്ക് എക്സിൽ കുറിച്ചത്. പുതിയ ബിൽ നിലവിലെ ഭീമാമായ ബജറ്റ് കമ്മി 2.5 ട്രില്യൺ ഡോളറായി വർദ്ധിപ്പിക്കുമെന്നും അമേരിക്കൻ പൗരന്മാർക്ക് താങ്ങാനാവാത്ത കടബാധ്യത വരുത്തുമെന്നും മസ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെലവ് പരിഷ്കാരങ്ങളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുന്ന ഡോജിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് ഇലോൺ മസ്കിൻ്റെ വിമ‍‌ർശനം എന്നതും ശ്രദ്ധേയമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ മസ്കിൻ്റെ വിമ‍ർശനത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് നിസ്സാരമായാണ് തള്ളിക്കളഞ്ഞത്. ‘ഈ ബില്ലിൽ ഇലോൺ മസ്‌ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡന്റിന് ഇതിനകം തന്നെ അറിയാം. ഇത് പ്രസിഡന്റിന്റെ അഭിപ്രായത്തെ മാറ്റുന്നില്ല. ഇതൊരു ബി​ഗ്, ബ്യൂട്ടിഫുൾ ബില്ലാണ്, അദ്ദേഹം അതിൽ ഉറച്ചുനിൽക്കുന്നു’ എന്നായിരുന്നു കരോലിൻ ലിവിറ്റിൻ്റെ പ്രതികരണം. പുതിയ ബില്ലിനെക്കുറിച്ചുള്ള ഇലോൺ മസ്‌കിന്റെ വിമർശനം വളരെ നിരാശാജനകമാണെന്ന് സ്പീക്കർ മൈക്ക് ജോൺസണും പ്രതികരിച്ചിട്ടുണ്ട്. “എല്ലാ ആദരവോടെയും പറയട്ടെ, എന്റെ സുഹൃത്ത് ഇലോൺ ബി​ഗ്, ബ്യൂട്ടിഫുൾ ബില്ലിനെക്കുറിച്ച് വളരെ തെറ്റിദ്ധരിച്ചു എന്നായിരുന്നു മൈക്ക് ജോൺസൺ പ്രതികരിച്ചത്. മസ്‌കുമായി ടെലിഫോണിൽ തിങ്കളാഴ്ച 20 മിനിറ്റിലധികം സംസാരിച്ചതായും ജോൺസൺ വ്യക്തമാക്കി. “ഇത് വളരെ പ്രധാനപ്പെട്ട ഒരു ആദ്യ തുടക്കമാണ്. ഇലോൺ അത് നഷ്ടപ്പെടുത്തുന്നു, എന്നും ജോൺസൺ കൂട്ടിച്ചേ‍ർത്തു.

തൻ്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിയമനിർമ്മാണത്തെ കണക്കാക്കുന്നത്. എന്നാൽ ഇതിനെതിരെ നിശിത വിമ‍ർശനമാണ് ഉയരുന്നത്. ഇതിനിടിയിലാണ് മസ്ക് രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു മസ്ക്. 

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം മസ്ക് സംഭാവന നൽകിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചെലവ് ചുരുക്കലിനായി രൂപപ്പെടുത്തിയ ഡോജിൻ്റെ മുഖ്യചുമതലക്കാരനായി മസ്കിനെ നിയമിച്ചിരുന്നു. തൊഴിൽ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള മസ്കിൻ്റെ പരിഷ്കാരങ്ങൾ വ്യാപക വിമ‍ർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതയെ തുടർന്ന് മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്ന് രാജിവെച്ചു എന്നായിരുന്നു റിപ്പോ‍‌ർട്ട്.

Hot Topics

Related Articles