വാഷിംങ്ങ്ടൺ : തിരഞ്ഞെടുപ്പ് കഴിഞ്ഞ് 19 ദിവസം പിന്നിട്ടിട്ടും കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് റിസള്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെതിരെ അമേരിക്കൻ കോടീശ്വരൻ ഇലോണ്‍ മസ്ക് രംഗത്ത്. ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയകരമായ വോട്ടെണ്ണല്‍ രീതി ചൂണ്ടിക്കാണിച്ചാണ് മസ്കിൻ്റെ വിമർശനം. ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണി ഫലം പറയുന്നുണ്ട്. പക്ഷെ അമേരിക്ക ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു മസ്കിൻ്റെ പ്രതികരണം.ഇന്ത്യയിലെ വോട്ടെണ്ണല്‍ സംബന്ധിച്ച പോസ്റ്റിനുള്ള റീട്വീറ്റിലായിരുന്നു മസ്കിൻ്റെ പ്രതികരണം. ‘ഇന്ത്യ ഒരു ദിവസം 640 വോട്ടുകള്‍ എണ്ണുന്നു. അതിനിടയില്‍ അമേരിക്ക ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു’ എന്നായിരുന്നു മസ്കിൻ്റെ റീട്വീറ്റ്. ഫേസ്പാം ഇമോജി പങ്കുവെച്ചു കൊണ്ടായിരുന്നു മസ്കിൻ്റെ റീട്വീറ്റ്. ‘ഗവണ്മെൻ്റ് കാര്യക്ഷമത വകുപ്പിൻ്റെ’ തലവനായി എലോണ്‍ മസ്കിനെ നാമനിർദ്ദേശം ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച കാലിഫോർണിയയില്‍ വോട്ടെണ്ണലിൻ്റെ 98 ശതമാനവും പൂർത്തിയായതായാണ് റിപ്പോർട്ട്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് 58.6 ശതമാനം വോട്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് 38.2 ശതമാനം വോട്ട് കാലിഫോർണിയയില്‍ നേടിയിരുന്നുവെന്നാണ് ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നത്. ഏതാണ്ട് 39 മില്യണ്‍ താമസക്കാരുള്ള കാലിഫോർണിയയില്‍ ഏതാണ്ട് 16 മില്യണില്‍ അധികം ആളുകള്‍ നവംബർ അഞ്ചിൻ്റെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തുവെന്നാണ് കണക്ക്.കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് പ്രാഥമികമായി നടന്ന് മെയില്‍ ബാലറ്റ് വഴിയാണ്. വ്യക്തിപരമായി നേരിട്ട് വോട്ടു ചെയ്തവരെക്കാള്‍ മെയില്‍ വഴി വോട്ടുചെയ്തവരുടെ വോട്ടെണ്ണാൻ കൂടുതല്‍ സമയവും പരിശ്രമവും ആവശ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോളിങ് സ്റ്റേഷനില്‍ വെറുതെ ബാലറ്റുകള്‍ സ്കാൻ ചെയ്യുന്നതിന് പകരം ഓരോ ബാലറ്റും വ്യക്തിപരമായി വിലയിരുത്തുകയും പ്രൊസസ്സ് ചെയ്യുകയുമാണ് ചെയ്യുന്നത്. മെയില്‍വഴി വോട്ടു ചെയ്തവർക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്താൻ ഡിസംബർ 1 വരെ സമയം അനുവദിച്ചിട്ടുണ്ട്. തെറ്റ് ചെയ്ത വോട്ടർമാരുടെ ഒപ്പ് മറക്കുക, തെറ്റായ സ്ഥലത്ത് ഒപ്പിടുക, ശരിയായ കവറില്‍ ബാലറ്റ് ചേർക്കാതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അവസരമുള്ളത്.