ഗെല്‍സെൻകിർചെൻ (ജർമനി): കരുത്തുറ്റ നിരയുമായെത്തിയ ഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷം കീഴടങ്ങി സെർബിയ(1-0). 13-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളില്‍ ഇംഗ്ലണ്ട് ജയവുമായി രക്ഷപ്പെടുകയായിരുന്നു.ഗോള്‍മഴയാണ് കാത്തിരിക്കുന്നതെന്ന തരത്തിലായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. എന്നാല്‍ കൃത്യമായ പദ്ധതികളുമായെത്തിയ സെർബിയ, ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ചു.
ഇംഗ്ലണ്ടിന്റെ ശക്തമായ ആക്രമണനിര മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സെർബിയ ബോക്സിലേക്ക് ഇരച്ചെത്തി. 13-ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. കൈല്‍ വാക്കർ വലതുവിങ്ങിലേക്ക് നീട്ടിയ പന്തുമായി മുന്നേറി ബുക്കായോ സാക്ക നല്കിയ ക്രോസ് കിടിലനൊരു ഹെഡറിലൂടെ ജൂഡ് ബെല്ലിങ്ങാം വലയിലാക്കുകയായിരുന്നു. എന്നാല്‍ ഈ ആധിപത്യം തുടരാൻ സെർബിയ, ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താളംകണ്ടെത്തിയതോടെ സെർബിയ കളിയില്‍ പിടിമുറുക്കി. ഹാരി കെയ്നിനെ അനങ്ങാൻ വിടാതെ സെർബിയ പ്രതിരോധം പൂട്ടിയതോടെ ആദ്യ പകുതിയില്‍ അധികവും ബെല്ലിങ്ങാമിനെ ചുറ്റിപ്പറ്റിയായിരുന്നു ഇംഗ്ലണ്ട് ആക്രമണങ്ങള്‍. പലപ്പോഴും കൈല്‍ വാക്കറിന്റെ പന്തുമായുള്ള മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ടിന് ഏതാനും അവസരങ്ങള്‍ ഒരുക്കി നല്‍കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല.
ഡെക്ലാൻ റൈസിന്റെയും അലക്സാണ്ടർ അർനോള്‍ഡിന്റെയും ബോള്‍ സപ്ലെ കൂടി ഇല്ലാതാക്കിയ സെർബിയ ഇംഗ്ലണ്ടിന്റെ പദ്ധതികള്‍ പൊളിച്ചു. ഇതോടെ വിങ്ങുകളില്‍ പലപ്പോഴും ഫില്‍ ഫോഡനും സാക്കയും പിന്തുണ കിട്ടാതെ വലഞ്ഞു. ഇതോടെ ഇംഗ്ലണ്ടിന് മത്സരത്തിന്റെ താളം നഷ്ടമായി.
രണ്ടാം പകുതിയില്‍ അടിമുടി മാറിയ സെർബിയൻ നിരയെയാണ് കണ്ടത്. പകരക്കാരനായി ഇറങ്ങിയ ദുഷാൻ ടാഡിക് മധ്യഭാഗം നന്നായി ഉപയോഗിച്ച് കളിച്ചതോടെ ഏതാനും ത്രൂ ബോളുകളും സെർബിയക്ക് ലഭിച്ചു. ലൂക്ക ജോവിച്ച് കൂടിയെത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിന് പണികൂടി. അവസാന മിനിറ്റുകളില്‍ സെർബിയൻ ആക്രമണങ്ങള്‍ തടഞ്ഞ ജോർദാൻ പിക്ഫോർഡിന്റെ മികവാണ് ഇംഗ്ലണ്ടിനെ സമനില ഗോള്‍ വഴങ്ങാതെ കാത്തത്.