ദില്ലി: ഫിറ്റ് – ജീ എന്ന എൻട്രൻസ് കോച്ചിങ് സെന്‍ററിന്‍റെ (FIIT-JEE) ഉടമ ദിനേഷ് ഗോയലിന്‍റെ ബാങ്ക് അക്കൌണ്ടിലെ 11.11 കോടി രൂപ മരവിപ്പിച്ച് പൊലീസ്. ചില നഗരങ്ങളിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പെട്ടെന്ന് അടച്ചുപൂട്ടിയതിന് പിന്നാലെ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് അന്വേഷണത്തിനിടെയാണ് നടപടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പോലെയുള്ള മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ശൃംഖലയാണ് ഫിറ്റ് – ജീ.
മനോജ് സിങ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് ജനുവരി 24ന് നോളജ് പാർക്ക് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് വർഷത്തെ പരിശീലന ക്ലാസിൽ മകളെ ചേർക്കാൻ 2.90 ലക്ഷം രൂപ ഫീസ് നൽകണമെന്ന് പറഞ്ഞു. താൻ 2.80 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ അധ്യാപകരും പോയെന്നും അതിനാൽ ഗ്രേറ്റർ നോയിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടുകയാണെന്നും അവർ ജനുവരി 21 ന് സന്ദേശം അയച്ചെന്ന് മനോജ് സിങ് നൽകിയ പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) 318(4) വഞ്ചന, 316(2) ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. നോളജ് പാർക്ക് പൊലീസ് – സൈബർ ക്രൈം സംയുക്ത സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്ന് ഗ്രേറ്റർ നോയിഡ പൊലീസ് അറിയിച്ചു. സ്ഥാപന ഉടമ ദിനേഷ് ഗോയലിന് 172 കറണ്ട് അക്കൗണ്ടുകളും 12 സേവിംഗ്‌സ് അക്കൗണ്ടുകളുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
12 ബാങ്ക് അക്കൗണ്ടുകളിലായി 11,11,12,987 രൂപ കണ്ടെത്തി. ഈ തുക മരവിപ്പിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ കേസിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശോക് കുമാർ പറഞ്ഞു. രാജ്യമാകെ ഫിറ്റ് ജീക്ക് 73 സെന്‍ററുകളുണ്ട്.
സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് കോച്ചിങ് സെന്‍ററുകൾ അടുത്തിടെ അടച്ചുപൂട്ടാൻ തുടങ്ങിയത്. ഇതിനെത്തുടർന്ന് വൻ തുക ഫീസ് നൽകിയ രക്ഷിതാക്കൾ ആശങ്കയിലായി. പെട്ടെന്ന് സ്ഥാപനം അടച്ചുപൂട്ടിയതിനെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം മാനേജിങ് പാർട്ണേഴ്സാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഫിറ്റ് – ജീ കുറ്റപ്പെടുത്തുന്നു.