കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വധശ്രമ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ വാദം കേൾക്കും. കോടതി നിർദേശം അനുസരിച്ച് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കുറ്റപത്രം റദ്ദാക്കണം എന്നാണ് കെ സുധാകരൻ്റെ ആവശ്യം. സമാന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ജയരാജനെ 1995 ഏപ്രിൽ 12-ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ജയരാജൻ ഛണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിലെ ഓഗോളിൽ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നെന്നാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേട്ട ദിനേശൻ, ടി പി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരാണ് മറ്റു പ്രതികൾ. ശംഖുംമുഖം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. പ്രതികൾ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാൻ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.