തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയായ കട്ടൻ ചായയും പരിപ്പുവടയുടെയും പ്രസിദ്ധീകരണം ഡിസി ബുക്സ് മാറ്റിവച്ചു.ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഡിസി ബുക്സ് വിവരമറിയിച്ചത്. നിർമിതിയിലുളള സാങ്കേതിക തടസം മൂലം പുസ്തകത്തിന്റെ പ്രസിദ്ധീകരണം നീട്ടിവച്ചിരിക്കുകയാണെന്നാണ് ഡിസി ബുക്സ് നല്കുന്ന വിശദീകരണം.ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്ബോള്‍ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്സ് പ്രതികരിച്ചിട്ടുണ്ട്. പുസ്തകം ഇന്ന് മുതല്‍ വിറ്റഴിക്കണമെന്ന് സ്റ്റോറുകള്‍ക്ക് നല്‍കിയിരുന്ന നിർദ്ദേശം ഡിസി ബുക്സ് പിൻവലിച്ചു.
അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപി ജയരാജൻ ഡിസി ബുക്സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകർ അറിയിക്കുന്നത്. എന്നാല്‍ പരസ്യ പ്രതികരണത്തിന് ഡിസി ബുക്സ് തയ്യാറായിട്ടില്ല. പുസ്തകം ഇന്ന് രാവിലെ പത്തരയ്ക്ക് പുറത്തിറക്കുമെന്നായിരുന്നു ഡിസി ബുക്സ് നേരത്തെ അറിയിച്ചിരുന്നത്.ഇപിയുടെ ആത്മകഥയില്‍ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നുണ്ട്. പാർട്ടിയും സർക്കാരും തെറ്റുകള്‍ തിരുത്തണമെന്നും, തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇപിയുടെ ആത്മകഥയില്‍ പരാമർശിക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് ചർച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കിയതിലും അതൃപ്തി ഇപി അറിയിക്കുന്നു.എന്നാല്‍ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും ആത്മകഥ എഴുതി കൊണ്ടിരിക്കുകയാണെന്നുമാണ് ഇപി ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം ഇത്തരം വാർത്ത സൃഷ്ടിക്കാൻ യുഡിഎഫുമായി ചേർന്ന് നടത്തിയ ഗൂഡാലോചനയാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസാധകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.