ഈരാറ്റുപേട്ട: ഇന്ത്യയെ രക്ഷിക്കാൻ ചരിത്ര ബോധത്തിന്റെ രാഷ്ട്രീയം ശക്തി പെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മൂന്ന്മാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരേ എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുജറാത്ത് വംശഹത്യ മുതൽ ഹരിയാന വരെ സമാനമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. ഇരുന്നൂറിലധികം പേര് മണിപ്പൂരിൽ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേര് ഭവന രഹിതരാകുകയും പതിനായിരത്തിലധികം പേര് അഭയാര്‍ത്ഥികളാക്കപ്പെടുകയും സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ കുറ്റകരമായ മൗനം പ്രതിഷേധാർഹമാണ്.
ഏത് ഗോത്രത്തില്പ്പെട്ടയാളാണെങ്കിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്.വംശഹത്യയിലും ഹിംസാല്മകതയിലും വിശ്വസിക്കുന്ന ഫാഷിസ്റ്റുകളില്‍ നിന്ന് മനുഷ്യത്വവും നീതിയും പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഭരണഘടനയിലോ രാജ്യത്തിന്റെ മഹത്തായ പൈതൃകങ്ങളിലോ വിശ്വസിക്കുന്നവരല്ല സംഘപരിവാരം. രാജ്യത്തിന്റെ സര്‍വ നാശത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ രാജ്യത്തെ രക്ഷിക്കാൻ ചരിത്ര ബോധത്തിന്റെ രാഷ്ട്രീയം രൂപപ്പെടുകയും മാനവിക കൂട്ടായ്മ ഉണ്ടാകുകയും ചെയ്യുമ്പോൾ മാത്രമേ രാജ്യത്തെ തിരിച്ചുപിടിക്കാനാകൂ എന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരൻ പള്ളിക്കൽ, സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം,സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജയിംസ്,വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു,വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ,ബി എസ് പി ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് ജോൺ പുതുപ്പള്ളി,എസ് ഡി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അൽത്താഫ് ഹസ്സൻ,ജില്ലാ കമ്മിറ്റിയംഗം സബീർ കുരിവനാൽ,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് വി എസ് അലി,സെക്രട്ടറി റഷീദ് മുക്കാലി തുടങ്ങിയവർ സംസാരിച്ചു.ജനസംഗമത്തിനു മുന്നോടിയായി വൈകിട്ട് നാലിന് പി എം സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗൺ ചുറ്റി മുട്ടം കവലയിൽ സമാപിച്ചു.