ഈരയിൽക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ഒരിടവേളയ്ക്കു ശേഷം യുവാക്കളുടെ മരണ സ്റ്റണ്ടിംങ്. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തി യുവാക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പൊലീസിനെ വെട്ടിച്ച് സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട സ്റ്റണ്ടർമാരായ യുവാക്കൾ, രക്ഷപെടലിന്റെ വീഡിയോയും പകർത്തി. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ബി.ജി.എം ചേർത്തിട്ട് ആഘോഷമാക്കുകയാണ് യുവാക്കളുടെ സംഘം.
കഴിഞ്ഞ ദിവസം ഈരയിൽക്കടവ് റോഡിലുണ്ടായ സംഭവങ്ങളാണ് യുവാക്കളുടെ സംഘം സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്. ഈരയിൽക്കടവ് റോഡിൽ ബൈക്ക് യാത്രക്കാരായ യുവാക്കളുടെ സംഘം നിരന്തരം സ്റ്റണ്ടിംങ് നടത്തിയിരുന്നു. ഇതേ തുടർന്നു അപകടവും ഇവിടെ പതിവായിരുന്നു. ഇതേ തുടർന്നു നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയതോടെ, പൊലീസും മോട്ടോർ വാഹന വകുപ്പ് ഇവിടെ പരിശോധന കർശനമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ സ്റ്റണ്ടിംങ് സംഘങ്ങൾ ഈരയിൽക്കടവിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഈരയിൽക്കടവിൽ വീണ്ടും സ്റ്റണ്ടിംങ് സംഘം എത്തിയത്. ഇവർ ഈരയിൽക്കടവിൽ ബൈക്ക് അമിത വേഗത്തിൽ ഓടിക്കുകയും, വീൽ ചെയ്യുന്നതും അടക്കമുള്ള വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നു കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇതിനു ശേഷം ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് വട്ടം വച്ച് ഇവരെ പിടികൂടാൻ പൊലീസ് സംഘം ശ്രമിച്ചു.
എന്നാൽ, പൊലീസ് വാഹനത്തെ വെട്ടിച്ച് യുവാക്കൾ രക്ഷപെടുകയായിരുന്നു. ഇവരുടെ മുന്നിലിരുന്ന ബൈക്കിലെ യാത്രക്കാരാണ് വീഡിയോ പകർത്തിയത്. ഈ വീഡിയോ ഇപ്പോൾ പുറത്തു വിട്ട് പൊലീസിനെ വെട്ടിച്ചു പോരുന്നത് ഹീറോയിസമാണ് എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്.