എറണാകുളം: കെഎസ്‌ആർടിസി എറണാകുളം ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ കെഎസ്‌ആർടിസി ബസ് സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചു വരികയാണ്. എറണാകുളം ബസ് സ്റ്റേഷനില്‍ കെഎസ്‌ആർടിസിയുടെയും വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായി വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും വിശ്രമിക്കുന്നതിനായുള്ള ശീതീകരിച്ച വിശ്രമകേന്ദ്രം പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ്.
ഈ നവീന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 01.03.2025 ശനിയാഴ്‌ച വൈകിട്ട് 05.30 ന് കെഎസ്‌ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഐഒഎഫ്‌എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എറണാകുളം എം.എല്‍.എ ടി.ജെ വിനോദ് ഉദ്ഘാടനം നിർവഹിക്കും. വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പിന്റെ വൈസ് പ്രസിഡൻറ് രവികുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ് മുഖ്യ അതിഥിയായി പങ്കെടുക്കും.