എരുമേലി: ടൗണിന് സമീപം നിർമാണം ആരംഭിച്ച വാപുര ക്ഷേത്രം അനധികൃത നിർമാണമെന്ന പരാതിയില്‍ ഇടക്കാല വിധി നല്‍കിയ ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കാനിരിക്കേ ക്ഷേത്രം പൊളിച്ചു.ഇന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാച്ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ഇന്നലെ പുലർച്ചെ പൊളിച്ച നിലയില്‍ കണ്ടത്. ബാലാലയ പ്രതിഷ്ഠയായി ഉയർന്ന തറയില്‍ ചെറിയ ഒരു മുറി ആണ് ക്ഷേത്ര നിർമാണ ഭാഗമായി നിർമിച്ചിരുന്നത്. തറ ഒഴികെ ബാക്കി ഭാഗം പൂർണമായും ഇടിച്ചു പൊളിച്ചിട്ട നിലയിലാണ്. സംഭവം സംബന്ധിച്ച് ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടവർ ആരും തന്നെ പരാതി നല്‍കിയിട്ടില്ലെന്ന് എരുമേലി പോലീസ് പറഞ്ഞു.
എരുമേലി ടൗണില്‍ പഴയ അയ്യപ്പാസ് സിനിമ തിയറ്റർ പ്രവർത്തിച്ച സ്ഥലത്താണ് ക്ഷേത്രനിർമാണം ആരംഭിച്ചിരുന്നത്. ഇതിനെതിരേ നോർത്ത് പറവൂർ സ്വദേശി പദ്മനാഭൻ നല്‍കിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല വിധി നല്‍കിയത്. നിർമാണം അനുമതി തേടാതെയാണെന്ന് ഹർജിയില്‍ ഹൈക്കോടതി തേടിയ വിശദീകരണത്തിന് മറുപടിയായി എരുമേലി പഞ്ചായത്ത് അറിയിച്ചിരുന്നു. ക്ഷേത്ര നിർമാണവുമായി ബന്ധമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. ഇതേത്തുടർന്ന് നിർമാണം തടഞ്ഞ നടപടികള്‍ക്ക് പോലീസ് സംരക്ഷണം അനു
വദിച്ച കോടതി ഇന്ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നത്.