എരുമേലി : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ വീട്ടിൽ ബിനു ഭാസ്കരന്‍ (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടുകൂടി എരുമേലി ഇടകടത്തി സ്വദേശിയായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം, സുഹൃത്തിന്റെ വീടിന് സമീപം താമസിച്ചിരുന്ന ബിനു യുവാവിനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ബിനുവിന്റെ വീട്ടില്‍ മുന്‍പ് വടകയ്ക്ക് താമസിച്ചിരുന്ന യുവാവിനോട് വാടകയുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും, ഇതിന്റെ പേരില്‍ ഇയാള്‍ക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ജോസി എം ജോൺസൺ, രാജേഷ്, എ.എസ്.ഐ ജോൺസൺ, സി.പി.ഓ അജിമോന്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.