പത്തനംതിട്ട: സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മിച്ച എരുമേലി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനാണ് ഇന്ന് 23 വയസ്സ് തികയുന്നത്.1998 നവംബര്‍ 28 നാണ് മലയോരമേഖലയുടെയുടെ യാത്രാ സൗകര്യങ്ങളിലേയ്ക്ക് എരുമേലി ksrtc ബസ് സ്റ്റാന്‍ഡ് ഡബിള്‍ ബെല്‍ അടിച്ചു കയറിയത്.അതിന് മുന്‍പ് വരെ ശബരിമല തീര്‍ത്ഥാടന കാലമായ നവംബര്‍ പകുതി മുതല്‍ ജനുവരി 14 വരെ മാത്രമായിരുന്നു എരുമേലിയില്‍ ksrtc സ്റ്റാന്‍ഡ്. രാജാ പാലത്തിന് ഇക്കരെ ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ ഇങ്ങേ അറ്റത്ത് ഒരു ഓല ഷെഡ്.അതായിരുന്നു പഴയ സ്റ്റാന്‍ഡ്.അതിന് മുന്‍പില്‍ പമ്പ ബോര്‍ഡും വെച്ച് ksrtc ബസുകള്‍.മറ്റു യാത്രാ മാര്‍ഗങ്ങളും സ്വകാര്യ വാഹനങ്ങളും നന്നേ കുറവായിരുന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ വടം കെട്ടി വരെ തീര്‍ത്ഥടകരെ നിയന്ത്രിച്ചിരുന്ന കാലം.
എരുമേലിയില്‍ സ്ഥിരമായി ksrtc ബസ് സ്റ്റാന്‍ഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായ കാലം. അന്തരിച്ച ടിപി തൊമ്മി, NB ഉണ്ണികൃഷ്ണന്‍, ഇപ്പോളും പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ പി എ ഇര്‍ഷാദ്, വി പി സുഗതന്‍,തങ്കമ്മ ജോര്‍ജ്കുട്ടി, ടി എസ് കൃഷ്ണകുമാര്‍, അഡ്വ അനന്തന്‍,പി കെ ബാബു, പി എ സലിം, ജോസ് മടുക്കകുഴി തുടങ്ങി പൊതുപ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൗരാവലിയും നാടിന്റെ ആവശ്യവുമായി ഒന്നിച്ചതോടെ സ്റ്റാന്‍ഡിനു വഴി തെളിഞ്ഞു. പേട്ട തുള്ളല്‍ പാതയ്ക്ക് സമീപമുള്ള സ്ഥലം ബോര്‍ഡ് തിരിച്ചു വാങ്ങിയതോടെ ദേവസ്വം ബോര്‍ഡിന്റെ തന്നെ ആലമ്പള്ളി മൈതാനത്തിന് ഇപ്പുറം തകരക്കാടായി കിടന്ന പ്രദേശത് ഓലഷെഡ് നിര്‍മിച്ചായിരുന്നു ആ കാലത്ത് തീര്‍ത്ഥാടന കാലങ്ങളില്‍ സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സ്ഥലം തന്നെ ഡിപ്പോ നിര്‍മാണത്തിനായി പാട്ടവ്യവസ്ഥയില്‍ ksrtc ക്ക് നല്‍കാന്‍ തീരുമാനിച്ചു.ട്രാന്‍സ്പോര്‍ട് വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മന്ത്രി ഒരാള്‍ തന്നെ ആയത് (പി ആര്‍ കുറുപ്പ്) വകുപ്പുകള്‍ തമ്മിലുള്ള ഇടപെടല്‍ കൂടുതല്‍ എളുപ്പമുള്ളതാക്കി.പ്രതിസന്ധിയ്ക്ക് അന്നും ഒരു കുറവുമില്ലാതിരുന്നത് കൊണ്ട് സ്റ്റാന്‍ഡ് പണിയാനുള്ള പണം ആയി അടുത്ത പ്രശ്‌നം. മുഖ്യമന്ത്രി ഇ കെ നായനാര്‍,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആയിരുന്ന പാലൊളി മുഹമ്മദ് കുട്ടി എന്നിവരുടെ ഇടപെടലിലൂടെ ജനകീയ ആസൂത്രണ പദ്ധതിയിലെ തടസങ്ങള്‍ മാറ്റിവെച്ചു.
നാടിനു വേണ്ടി ജനങ്ങള്‍ തന്നെ ഡിപ്പോ നിര്‍മാണ കമ്മറ്റി രൂപീകരിച്ചു.ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഇതര ഡിപ്പോകളിലെ അംഗങ്ങളില്‍ നിന്നും കൂപ്പണ്‍ പിരിച്ചു തുക സമാഹരിച്ചും കൂടിയാണ് നിര്‍മാണത്തിന് തുക കണ്ടെത്തിയതെന്ന് അസോസിയേഷന്റെ എരുമേലിയിലെ ആദ്യ സെക്രട്ടറിയും എരുമേലിയിലെ ആദ്യ ജീവനക്കാരില്‍ ഒരാളും ആയ ഇസ്മായില്‍ കിഴക്കെതില്‍ ഓര്‍ക്കുന്നു.
ആദ്യം നിലവിലെ ഗാരേജ് കെട്ടിടമാണ് നിര്‍മിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉള്‍പ്പെടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അനുബന്ധ കെട്ടിടം 2000 ലാണ് നിര്‍മിച്ചത്.റിട്ടയര്‍ഡ് ഇന്‍സ്പെക്ടര്‍ ചാണ്ടപിള്ള ആയിരുന്നു ആദ്യ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്. പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും എരുമേലിയില്‍ എത്തി സര്‍വീസ് ഗുരുവായൂരിലേക്കും വൈക്കത്തിനും ഓപ്പറേറ്റ് ചെയ്ത സര്‍വീസുകളായിരുന്നു ആദ്യ സര്‍വീസുകള്‍. പിന്നീട് എരുമേലി ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ മൂന്ന് സര്‍വീസുകളാണ് ഡിപ്പോയില്‍ നിന്നും ആദ്യം ഫ്‌ലാഗ് ഓഫ് ചെയ്തത്.
എല്ലാം ഇപ്പോളും മികച്ച കളക്ഷനുമായി ടോപ് ഗിയറില്‍ തന്നെ. കോവിഡ് കാലത്തിന് മുന്‍പ് 29 സര്‍വീസുകള്‍ വരെ എത്തിയ സബ് ഡിപ്പോയില്‍ ഇപ്പോള്‍ 20 ഷെഡ്യുളുകള്‍ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. പാലക്കാട്, ഗുരുവായൂര്‍, കളിയിക്കാവിള, എറണാകുളം, മാങ്കുളം തുടങ്ങി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തന്നെയാണ് ഇപ്പോളും ഡിപ്പോയുടെ ഹൈലൈറ്റ്.വര്‍ഷത്തില്‍ എല്ലാ ദിവസവും ഓടുന്ന എരുമേലി പമ്പ സര്‍വീസ്, പാഞ്ചാലിമേട് ഹില്‍സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന കണയങ്കവയല്‍ സ്റ്റേ,ആദിവാസി മേഖലകളെയും പിന്നോക്ക മലയോര മേഖലകളെയും നഗര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന നഗര ഗ്രാമ സര്‍വീസുകള്‍..
ശബരിമല തീര്‍ത്ഥാടകര്‍ക്കായി 24 മണിക്കൂറും സര്‍വീസുകള്‍..പ്രവര്‍ത്തനം കാല്‍ നൂറ്റാണ്ടിലേയ്‌ക്കെത്തുമ്പോള്‍ മലയോര മേഖലയുടെ പൊതു ഗതാഗത രംഗത്ത് ഒന്നാമതായി ഓടുകയാണ് കെ എസ് ആര്‍ ടി സി എരുമേലി സബ് ഡിപ്പോ. മിന്നല്‍ പ്രളയം തകര്‍ത്ത കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്കായി MLA, പഞ്ചായത്ത് എന്നിവരുടെ സഹകരണവും ഉറപ്പാക്കി മുന്‍പോട്ടു പോകുന്ന എരുമേലി സബ് ഡിപ്പോയ്ക്ക് മുന്‍പില്‍ വികസന പദ്ധതികള്‍ ഏറെയാണ്.വിമാനത്താവളം, ശബരി റെയില്‍വേ തുടങ്ങി വന്‍കിട പദ്ധതികള്‍ക്കൊപ്പം മുന്‍പോട്ടുള്ള വഴികളില്‍ ഒരു പിടി സാധ്യതകളും..