ഏറ്റുമാനൂർ: തവളക്കുഴിയിൽ വില്ലയ്ക്കായി അയൽവാസിയുടെ ഭൂമി തുരന്നെടുത്ത് ഭൂമാഫിയ സംഘം. വില്ലാ പ്രോജക്ടിനായി വാങ്ങിയ സ്ഥലത്തിന്റെ അതിർത്തിയിലെ ഭൂമിയാണ് അനധികൃതമായി വില്ലാ ഓഫിയ സംഘം മാന്തിയെടുത്തത്. ഏറ്റുമാനൂർ തവളക്കുഴിയിൽ താമസിക്കുന്ന റിട്ട.മെഡിക്കൽ കോളേജ് ജീവനക്കാരായ ചുക്കനാനിൽ സി.സി ജോസഫ്, അന്നമ്മ ജോസഫ് എന്നിവരുടെ പുരയിടത്തിന്റെ അതിരാണ് മാഫിയ സംഘം മാന്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
മാസങ്ങൾക്കു മുൻപാണ് ജോസഫിന്റെ പുരയിടത്തിന് പിന്നിലെ സ്ഥലം വില്ല പ്രോജക്ടിനായി വാങ്ങിയത്. തുടർന്ന് ഈ സംഘം ഇവിടെ വില്ലാ പ്രോജക്ടിനായി നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ വില്ലാ നിർമ്മാണ ടീം, ചുക്കനാനിൽ പുരയിടത്തിന്റെ അതിർത്തി ചേർത്ത് മാന്തിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. രേഖകളിൽ ഈ മതിലിന്റെ അതിർത്തിയിൽ ഒരു വളവുണ്ട്. ഈ വളവ് ഒഴിവാക്കുന്നതിനു വേണ്ടി സംഘം അയൽവാസിയുടെ പുരയിടം ചേർത്ത് മാന്തിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിട്ട.ജീവനക്കാരായ ദമ്പതികൾ മാത്രമാണ് ഈ വീട്ടിലുള്ളത്. പകൽ സമയത്ത് ഭൂമി കയ്യേറി മാന്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ടതോടെ നിർമ്മാണം ആദ്യം നിർത്തി വച്ചിരുന്നു. എന്നാൽ, രാത്രിയിൽ ഒരു വശം മാന്തുകയായിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ ഇത് കണ്ട ദമ്പതിമാർ ബന്ധപ്പെട്ടതോടെ ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് ഇവരുടെ മതിൽ അടക്കമുള്ളത് പൊളിഞ്ഞ് വീഴാറായ സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ സ്ഥലം കയ്യേറിയത് പൂർവസ്ഥിതിയാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ദമ്പതിമാർ.