ഏറ്റുമാനൂർ: ബൈപ്പാസ് ഉദ്ഘാടനം ആഘോഷമാക്കാൻ കാത്തു നിന്ന നാട്ടുകാരെ പൊരിവെയിലിൽ നിർത്തിയിരുക്കി മന്ത്രി മുഹമ്മദ് റിയാസ്. ഏറ്റുമാനൂർ ബൈപ്പാസ് നിർമ്മാണം ആഘോഷമാക്കാൻ കാത്തു നിന്ന നാട്ടകാർക്കാണ് മന്ത്രി എട്ടിൻ്റെ പണി കൊടുത്തത്. രാവിലെ പത്തു മണിയ്ക്കു നിർദേശിച്ചിരുന്ന ഉദ്ഘാടനത്തിന് മന്ത്രി എത്തിയത് പന്ത്രണ്ടു മണിയോടെയാണ്. ഈ സമയം അത്രയും നാട്ടകാർ പൊരിവെയിലിൽ നിന്നുരുകുകയായിരുന്നു. ഒടുവിൽ മന്ത്രിയെത്തി ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയപ്പോഴാണ് ആഘോഷത്തിനായി എത്തിയ ആളുകൾക്ക് ആശ്വാസമായത്.
ഏറ്റുമാനൂർ – പട്ടിത്താനം ബൈപ്പാസിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് നടത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്. ഈ സമയം തന്നെ മന്ത്രി എത്തുമെന്ന പ്രഖ്യാപനവും ഉണ്ടായി. ഇത് അനുസരിച്ച് നൂറുകണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതായി ഇവിടെ എത്തിയത്. രാവിലെ ഒൻപത് മണി മുതൽ തന്നെ ആളുകൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങിയിരുന്നു. ഇത് കൂടാതെ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഇവിടെ എത്തിച്ചിരുന്നു. ഇത്തരം ഒരുക്കങ്ങളെല്ലാം പൂർത്തിയായ ശേഷമാണ് മന്ത്രി വൈകുമെന്ന വിവരം എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തുമണിയോടെ തന്നെ ഏറ്റുമാനൂരിൽ എത്തിയ മന്ത്രി ഒരു സ്വകാര്യ കോളേജിൻ്റെ ചടങ്ങിലേയ്ക്കു കയറുകയായിരുന്നു. ഇതോടെയാണ് ഉദ്ഘാടന വേദിയിൽ എത്താൻ മന്ത്രി വൈകിയത്. മന്ത്രി എത്തിയ ശേഷം ഉദ്ഘാടനം നടത്തിയപ്പോഴേയ്ക്കും കയ്യടിക്കാൻ പോലുമാകാതെ വെയിൽ കൊണ്ട് വലഞ്ഞ് അവശരായിരുന്നു ജനം. ആകാംഷയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരുന്ന തങ്ങളുടെ പ്രിയപ്പെട്ട റോഡ് യാഥാർഥ്യമാക്കുന്നത് നേരിൽ കാണാൻ ഇത്രത്തോളം കഷ്ടപ്പെടേണ്ടി വരുമെന്ന് കരുതിയില്ലെന്നാണ് ഏറ്റുമാനൂരുകാർ പറയുന്നത്.