കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം: രണ്ട് കടകൾ അടിച്ചു തകർത്തു; ആക്രമണം നടത്തിയത് സാധനങ്ങളുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ; ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ തലവൻ അച്ചു സന്തോഷിന്റെ കൂട്ടാളികൾ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ട് കടകൾ അക്രമി സംഘം അടിച്ചു തകർത്തു. മൊബൈൽ ഷോപ്പിൽ സാധനങ്ങളുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് അക്രമി സംഘം കട അടക്കം തല്ലിത്തകർക്കുന്ന സാഹചര്യം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ സ്ഥാപനങ്ങളിലെ ജീവനക്കാരായ അമൽ, യദു എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അച്ചു സന്തോഷിന്റെ കൂട്ടാളികളാണ് ആക്രമണം നടത്തിയവരെന്നു നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.

Advertisements

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. അതിരമ്പുഴ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന അഞ്ജലി സ്റ്റോർഴ്‌സ് , സമീപം പ്രവർത്തിക്കുന്ന മൊബൈൽ കെയർ എന്നീ കടകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിരമ്പുഴ പഞ്ചായത്തംഗം അഞ്ജലി ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി ഇവിടെ എത്തിയ മൂന്നംഗ സംഘമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ആദ്യം ഇവിടെ എത്തിയ ഇവർ കടയിലെ സാധനങ്ങളുടെ വില സംബന്ധിച്ചു ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം മടങ്ങിപ്പോയ പ്രതികൾ തിരികെ പതിനഞ്ചോളം പേരുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സംഘർഷ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ ആക്രമണം നടത്തി. പൊലീസുകാരെ ആക്രമിച്ച പ്രതികൾ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റുന്നതിനിടെയും അക്രമി സംഘം പൊലീസുകാരെ ആക്രമിച്ചു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏറ്റുമാനൂർ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അൻസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles