കോട്ടയം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓട്ടോറിക്ഷകളും നിർത്തിയിട്ട വാഹനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി , എറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ കുടുങ്ങി. ദീപാവലി തലേന്ന് ഏറ്റുമാനൂരിൽ ഓട്ടോറിക്ഷകളിൽ മോഷണം നടത്തിയ പ്രതിയെ ആണ് എട്ടാം ദിവസം പോലീസ് പൊക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കുറിയന്നൂർ തോട്ടശേരി ചെന്നിമല കോളഭാഗം കൈപ്പുഴശേരി വീട്ടിൽ ഷാജൻ ചാക്കോ (48) യെ ആണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെകടർ എ. എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ മാസം അവസാനം ആയിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ കുരിശുപള്ളിയ്ക്ക് സമീപം ഏറ്റുമാനൂർ സ്വദേശി കെ പി വിനോദിന്റെ ജീറ്റോ പാസഞ്ചർ ഓട്ടോറിക്ഷയാണ് കുത്തി തുറന്നത്. ഏറ്റുമാനൂർ കുരിശുപള്ളിക്ക് സമീപം താരാ ഹോട്ടലിനോട് ചേർന്നായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. മകൾക്കുള്ള ദീപാവലി പടക്കം വാങ്ങി തിരിച്ചു വരുമ്പോഴാണ് വാഹനത്തിനുള്ളിൽ ഡാഷ് കുത്തിത്തുറന്ന നിലയിൽ കണ്ടത്.തുടർന്നു നടത്തിയ തിരച്ചിലിലാണ് ആധാർ കാർഡ്,ലൈസൻസ്, എടിഎം കാർഡ്,പാൻ കാർഡ് എന്നിവ മോഷണം പോയതായി മനസ്സിലായത്. സംഭവമറിഞ്ഞ ഉടൻതന്നെ വിനോദ് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. സമാനമായ രീതിയിൽ തന്നെ ഇന്നലെ രാത്രിയിൽ നാല് ഓട്ടോറിക്ഷകളിൽ നിന്നും പണം പോയതായും പോലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ , പ്രതിയെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു. ഇതോടെ പോലീസ് സംഘം ഇയാൾക്കായി നിരീക്ഷണം ആരംഭിച്ചു. സംഭവാ ദിവസം പ്രതി ഏറ്റുമാനൂർ എത്തിയതായി തിരിച്ചറിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാന രീതിയിൽ പ്രതി മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം സമാന രീതിയിൽ കോട്ടയം തിരുനക്കരയിലും ഓട്ടോറിക്ഷയിൽ നിന്നും മോഷണം നടന്നിരുന്നു. ഇതിനുപിന്നിലും ഇയാളാണോ എന്ന് സംശയിക്കുന്നുണ്ട്.