കോട്ടയം: ഏറ്റുമാനൂരിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം അശ്രദ്ധമൂലമെന്നു ദൃക്‌സാക്ഷികളും സിസിടിവി ക്യാമറാ ദൃശ്യങ്ങളും. മുന്നിൽ പോയ ബൈക്ക് അശ്രദ്ധമായി മറ്റൊരു ബൈക്കിനെ മറികടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്. അപകടത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ വെട്ടി മുകൾ കമ്പിനിമലയിൽ വീട്ടിൽ അനിൽ (പൾസർ കണ്ണൻ – 30), കണ്ണന്റെ അമ്മയുടെ അനുജത്തി വെട്ടിമുകൾ കിഴതറയിൽ വീട്ടിൽ സിന്ധു (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ഏറ്റുമാനൂർ കിസ്മത്ത് പടിയിലുണ്ടായ അപകടത്തിലാണ് രണ്ടു പേരും മരിച്ചത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയതായിരുന്നു അപകടത്തിൽപ്പെട്ട രണ്ട് ബൈക്കുകളും. ഈ സമയം കണ്ണനും, സിന്ധുവും സഞ്ചരിച്ച ബൈക്കിനെ മറികടക്കുന്നതിനിടെയാണ് രണ്ടു ബൈക്കുകളും തമ്മിൽ തട്ടിയത്. എതിർ ദിശയിൽ നിന്നും കയറി വന്ന വാഹനം കണ്ട്, അപകടത്തിനിടയാക്കിയ ബൈക്ക് വൈട്ടിച്ച് മാറ്റിയതാണ് ഇരുവരെയും മരണത്തിലേയ്ക്കു തള്ളിവിട്ടതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നിൽ പോയ ബൈക്ക് ചക്രങ്ങളിൽ തട്ടി, കണ്ണന്റെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്നു, റോഡിൽ തലയിടിച്ചു വീണ കണ്ണന്റെ തലയിലൂടെ പാലാ ഭാഗത്തു നിന്നും എത്തിയ മീൻ വണ്ടിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. കണ്ണൻ ഹെൽമറ്റും ധരിച്ചിരുന്നില്ല. റോഡിൽ തലയിടിച്ചു വീണാണ് സിന്ധുവിന്റെ മരണം സംഭവിച്ചത്.
ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്. ഏറ്റുമാനൂരിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരിച്ച കണ്ണൻ. വെട്ടിമുകൾ ഭാഗത്ത് കട അടിച്ച് തകർത്തത് അടക്കമുള്ള കേസുകളിൽ ഇയാളെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാപ്പ ചുമത്തുന്നത് അടക്കമുള്ള നടപടികൾ ഇയാൾക്കെതിരെ ചുമത്തിയതായും സൂചനയുണ്ട്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.