തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തിരുവാഭരണ ഓഡിറ്റ് നടത്തണമെന്ന വിജിലന്‍സ് ശുപാര്‍ശ നടപ്പാക്കാതെ അധികൃതര്‍. ശംഖുമുഖം ദേവി ക്ഷേത്രത്തിലെ തിരുവാഭരണത്തിനൊപ്പമുള്ള പതക്കം കാണാതായതിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ മുത്തുകള്‍ കാണാതായതിലുമാണ് ദുരൂഹത തുടരുന്നത്. ശംഖുമുഖം ദേവി ക്ഷേത്രത്തിലെ പൗരാണിക മൂല്യമുള്ള തിരുവാഭരണം കാണിനില്ലെന്ന പരാതിയിലാണ് ദേവസ്വം വിജിലന്‍സ് സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ചത്. ആഭരണങ്ങള്‍ പരിശോധിച്ചുവരുമ്പോഴാണ് കാണാനില്ലെന്ന പറഞ്ഞ പതക്കം സ്ട്രോംഗ് റൂമില്‍ നിന്നും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പക്ഷെ ഇതിന്റെ കാലപ്പഴക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. വിജിലന്‍സിന്റെ പരിശോധനകള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു സ്ഥലത്തു നിന്നും വര്‍ഷങ്ങളുടെ പഴക്കമുള്ള പതക്കം കണ്ടെടുത്തത്. ദേവസ്വം വിജിലന്‍സ് പരിശോധനക്കെത്തുമെന്നറിഞ്ഞ് ദേവസ്വം ജീവനക്കാര്‍ കാണാതായ പതക്കത്തിന് പകരം പുതിയൊരു പതക്കമുണ്ടാക്കിവച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ശുപാര്‍ശ ചെയ്തു. ഒന്നുമുണ്ടായില്ല. മറ്റൊരു തിരുവാഭരണ തട്ടിപ്പ് കണ്ടെത്തിയത് ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍പ്പെട്ട രുദ്രാക്ഷത്തിലെ മുത്തുകള്‍ കാണാതായെന്ന് വിജിലന്‍സ് കണ്ടെത്തി. 81 മുത്തുകളുള്ള മാലയില്‍ 72 മുത്തകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുത്തുകള്‍ മോഷ്ടിച്ചതാണോ, അതോ പഴയതിന് പകരം പുതിയ മാല ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിവച്ചതാണോയെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണവും ആഭരണത്തിന്റെ ചുതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നപടിയും ശുപാര്‍ശ ചെയ്തു. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരെ കുറ്റക്കാരെ കണ്ടെത്തിയില്ല. വീഴ്ചയുണ്ടാക്കിയവര്‍ക്കെതിരെ നടപടിയുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണം നഷ്ടപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന വിജിലന്‍സ് ശുപാര്‍ശ ഇതുവരെ നടപ്പാക്കിയിട്ടില്ല. ശംഖുമുഖത്തെ പതക്കം സ്ട്രോംഗ് റൂമില്‍ നിന്നും മാറ്റിയതാണോ അതോ കൃത്യമായ സംരക്ഷണമില്ലാതെ കാണാതെ പോയതാണോയെന്ന കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഈ രണ്ടു ക്ഷേത്രത്തിലെ സ്വര്‍ണ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ മറ്റ് ക്ഷേത്രങ്ങളിലും തിരുവാഭരണ ഓഡിറ്റ് നടത്തണമെന്ന വിജിലന്‍സ് ശുപാര്‍ശ ചെയ്തു. എന്നാല്‍ സമഗ്ര ഓഡിറ്റ് നടത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഓഡിറ്റില്‍ വലിയ ക്രമക്കേടുകള്‍ പുറത്തുവന്നേക്കാമെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.