ഏറ്റുമാനൂർ: കൊലപാതക ശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ പിടിയിൽ. തിരമ്പുഴ വില്ലേജിൽ മാന്നാനം ചൂരക്കളം വീട്ടിൽ ജോസഫ് മകൻ ജംബർ ക്രിസ്റ്റി എന്ന് വിളിക്കുന്ന ക്രിസ്റ്റി (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ തവളക്കുഴിയിലെ ബാറിന് മുൻവശം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഇയാൾ സംഭവത്തിനു ശേഷം ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. പ്രതിക്ക് ഗാന്ധിനഗർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ കെ, എസ്.ഐ പ്രശോഭ്, എ.എസ്.ഐ ബിനോയ്, സി.പി.ഓ മാരായ പ്രവീൺ, ഡെന്നി, സൈഫുദ്ദീൻ, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.