ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉപദേശക സമിതി വിവാദത്തിൽ വഴിത്തിരിവ്. ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറിയെ പുറത്താക്കിയ സംഭവത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറി മഹേഷ് രാഘവനെയും എൻ.എസ് സുനീന്ദ്രനെയും പുറത്താക്കിയതായി ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ, ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ മഹേഷ് രാഘവൻ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ഇദ്ദേഹത്തെ വീണ്ടും ഉപദേശക സമിതിയിൽ സെക്രട്ടറിയായി തന്നെ നിയോഗിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജൂൺ ആറിന് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ പുറത്തിറക്കുകയും ചെയ്തു.
പൊലീസ് കേസുള്ളവർക്ക് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകാൻ അർഹതയില്ലെന്നാണ് ചട്ടം. ഈ ചട്ടം നിലനിൽക്കെ മഹേഷ് രാഘവനും, എൻ.എസ് സുനീന്ദ്രനും കേസുണ്ടെന്നും ഇവരെ ഉപദേശക സമിതിയിൽ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ ദേവസ്വം ബോർഡിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മഹേഷിനെ ഒഴിവാക്കി ഉത്തരവ് ഇറങ്ങിയത്. തുടർന്നാണ് മഹേഷ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതോടെയാണ് ഇദ്ദേഹത്തെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങിയത്.തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ മാനനഷ്ടക്കെസ് കൊടുക്കാൻ ഒരുങ്ങുകയാണ് മഹേഷ്.