കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് പറഞ്ഞു. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പോലീസിന്റെ മുൻകരുതൽ. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനോടനുബന്ധിച്ച് ഒന്നാം ഉത്സവ ദിവസം തന്നെ പോലീസ് എയ്ഡ്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഉത്സവത്തിന് എത്തുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റുമാനൂരും പരിസരങ്ങളിലുമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും.ഇത് കൂടാതെ അമ്പലവും,പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബൈക്ക് പെട്രോളിഗും, കൺട്രോൾ റൂം വാഹന പെട്രോളിഗും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മറ്റും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. ഉത്സവവുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും,ഏറ്റുമാനൂരും, പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും എസ്.പി.പറഞ്ഞു.