ലണ്ടൻ : യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്‍മാരായി വീണ്ടും റയല്‍ മഡ്രിഡ്. ലിവര്‍പൂളിനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ 14 ആം കിരീട നേട്ടം. 59-ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനീസ്യൂസാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയഗോള്‍ നേടിയത്. 2018ല്‍ ലിവര്‍പൂളിനെ തന്നെ തോല്‍പിച്ചാണ് റയല്‍ അവസാനമായി കിരീടം ചൂടിയത്.
ആരും ഭയക്കുന്ന ലൈനപ്പോടെയാണ് ഇരു ടീമും പാരിസിലെ സ്താദ് ദ് ഫ്രാന്‍സില്‍ അണിനിരന്നത്. കളിയില്‍ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയെങ്കിലും റയല്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെ മറികടന്ന് ഗോള്‍ നേടാന്‍ ലിവര്‍പൂളിനായില്ല. ലിവര്‍പൂള്‍ താരങ്ങള്‍ മാറിമാറി കോര്‍ട്ടോ പരീക്ഷിച്ചു. 16-ാം മിനിറ്റില്‍ തുടര്‍ച്ചയായി ലിവര്‍പൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോര്‍ട്ടോയുടെ ഉജ്വലസേവുകള്‍ റയലിനു തുണയായി. 24 ഷോട്ടുകളാണ് ഇംഗ്ലിഷ് ക്ലബ് കളിയില്‍ പായിച്ചത്. അതില്‍ ഒന്‍പതും ഗോള്‍മുഖത്തേക്കു തന്നെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റയല്‍ കളിയില്‍ പായിച്ചത് ആകെ 4 ഷോട്ടുകള്‍ മാത്രം. 43-ാം മിനിറ്റില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 59-ാം മിനിറ്റില്‍ ഫെഡെറിക് വാല്‍വെര്‍ദെ നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ബ്രസീല്‍ താരം വിനീസ്യൂസ് ലക്ഷ്യം കണ്ടത്. പിന്നീടങ്ങോട്ടും ലിവര്‍പൂള്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ മാറിനിന്നു.