സ്‌കൂളുകൾ ഒരുങ്ങി; കോട്ടയം ജില്ലയിൽ
പ്രവേശനോത്സവം ജൂൺ ഒന്നിന്; കൊവിഡ് കാലത്തിന് ശേഷം കുട്ടികൾ ആഘോഷത്തോടെ സ്കുളിലേയ്ക്ക്

കോട്ടയം: പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ജൂൺ ഒന്നിനാണ് സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകളിലെ ഒരുക്കം അന്തിമഘട്ടത്തിലാണെന്നും പ്രവേശനോത്സവത്തിന് സ്‌കൂളുകൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഉപഡയകറ്ടർ എൻ. സുജയ പറഞ്ഞു.

ജില്ലാതല പ്രവേശനോത്സവം കുടമാളൂരിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവൺമെന്റ് എച്ച്.എസ്. എസിൽ ജൂൺ ഒന്നിനു രാവിലെ 9.30ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിദ്യാർഥികൾക്ക് സമ്മാന വിതരണം നടത്തും. ബ്ലോക്ക് തലത്തിലും സ്‌കൂളുൾ തലത്തിലും പ്രവേശനോത്സവം നടക്കും.

ഒന്നിലേക്ക് 5291 കുരുന്നുകൾ

ജില്ലയിൽ മേയ് 27 വരെ 5291 വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്ക്ള്ള പ്രവേശനം നേടിയിട്ടുണ്ട്. മേയ് 31 നകം പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ പതിനായിരത്തിലേറെ കുരുന്നുകൾ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സംപൂർണ എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നത്. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നേടുന്നത്.

ആറു സ്‌കൂളുകളിൽ പുതിയ കെട്ടിടം

ജില്ലയിൽ ആറു സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാൻഫണ്ടിലൂടെ താഴത്തുവടകര ഗവൺമെന്റ് ഹൈസ്‌കൂൾ, ജി.എൽ.പി.എസ്. വെളിയന്നൂർ, മുസ്ലിം ഗേൾസ് എൽ.പി. സ്‌കൂൾ ഈരാറ്റുപേട്ട, സർക്കാർ ചലഞ്ച് ഫണ്ട് പദ്ധതിയിലൂടെ വി.ബി. യു.പി.എസ്. തൃക്കൊടിത്താനം, സെന്റ് മേരീസ് എൽ.പി.എസ്. ഇരവിമംഗളം, സെന്റ് റോക്കീസ് യുപി സ്‌കൂൾ അരീക്കര എന്നിവിടങ്ങളിലെ കെട്ടിട നിർമാണമാണ് പൂർത്തീകരിച്ചത്. 

സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന മാർഗ നിർദേശങ്ങൾ നൽകിയിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ പറഞ്ഞു. ജില്ലയിലെ മിക്ക സ്‌കൂളുകളും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിയിരുന്നു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ അനുവദിക്കില്ല.

കൈത്തറി യൂണിഫോം

കുട്ടികളുടെ സ്‌കൂൾ യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും വിതരണം പുരോഗമിക്കുകയാണ്. എൽ.പി. സ്‌കൂളുകളിലെ കുട്ടികൾക്കുള്ള സ്‌കൂൾ യൂണിഫോം തുണികൾ സർക്കാർ നേരിട്ട് എത്തിക്കും. ഖാദി ബോർഡുമായി ചേർന്ന് കൈത്തറി വസ്ത്രങ്ങളാവും സ്‌കൂൾ യൂണിഫോമിനായി നൽകുക. ഉച്ചഭക്ഷണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ചില സ്‌കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രഭാത ഭക്ഷണം കൂടി കുട്ടികൾക്ക് നൽകും.

സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എഇഒമാരുടെയും പ്രധാനാധ്യാപകരുടെയും യോഗം വിളിച്ച് മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി,  പരിസര ശുചീകരണം, കോവിഡ് വാക്സിൻ നൽകൽ എന്നിവയ്ക്കുള്ള നിർദേശങ്ങളും നൽകിക്കഴിഞ്ഞു.

ജില്ലയിൽ 909 സ്‌കൂളുകൾ

ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിൽ എൽ.പി. മുതൽ സ്‌പെഷൽ അടക്കം 909 സ്‌കൂളുകളാണുള്ളത്.

എൽ.പി., യു.പി., ഹൈസ്‌ക്കൂൾ, ടെക്‌നിക്കൽ, സ്‌പെഷൽ അടക്കം 306 സർക്കാർ സ്‌കൂളുകളുണ്ട്. എൽ.പി.- 72, യു.പി. -62, ഹൈസ്‌ക്കൂൾ-65, ടെക്‌നിക്കൽ സ്‌കൂൾ-7, സ്‌പെഷൽ സ്‌കൂൾ-1 എന്നിങ്ങനെയാണ് എണ്ണം.

552 എയ്ഡഡ് സ്‌കൂളുകളാണുള്ളത്. എൽ.പി.- 254, യു.പി. -128, ഹൈസ്‌ക്കൂൾ-166, സ്‌പെഷൽ സ്‌കൂൾ-4 എന്നിങ്ങനെയാണ് എണ്ണം. അൺഎയ്ഡഡ് സ്‌കൂളുകൾ 50 എണ്ണമാണ്. എൽ.പി.-21, യു.പി. -8, ഹൈസ്‌ക്കൂൾ-21 എന്നിങ്ങനെയാണ് എണ്ണം.

Hot Topics

Related Articles