തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവമുണ്ടായി അഞ്ചര വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഡ്രൈവർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി. സുധേഷ് കുമാറിന്റെ മകള്‍ ഡ്രൈവറെ മര്‍ദിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെയാണ് മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ മർദ്ദിച്ചത്. കനകുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ കഴുത്തിന് പിന്നിൽ മർദ്ദിച്ചു എന്നായിരുന്നു പരാതി.
വീട്ടുകാരുടെ ഭാഗത്തു നിന്നും നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് സുധേഷ് കുമാറിനോട് നേരത്തെ പരാതി പറഞ്ഞതിനുള്ള പ്രതികാരമായിരുന്നു മർദ്ദനമെന്നായിരുന്നു പൊലീസ് ഡ്രൈവർ പൊലീസിന് നൽകിയ പരാതി. സംസ്ഥാന പൊലീസിലെ ദാസ്യവൃത്തിയെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. പൊലീസുകാരൻ ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവർ ജാതിപ്പേര് അധിക്ഷേപ്പിച്ചുവെന്ന പരാതി ഡിജിപിയുടെ മകളും നൽകി. ഇതിൽ ഡ്രൈവർ ഗവാസക്കറെക്കതിരെയും കേസെടുത്തു. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സർക്കാർ കൈമാറിയെങ്കിലും ഗവാസ്ക്കറുടെ മേൽ സമർദ്ദം ചെലുത്തി പരാതി പിൻവലിക്കാൻ പല ശ്രമങ്ങളും നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷെ പരാതി പിൻവലിക്കാതെ കുറ്റപത്രം നൽകണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വർഷം മുമ്പ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് എസ്പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. പക്ഷെ കോടതിയിൽ സമർപ്പിക്കാതെ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചു. വീണ്ടും ഗവാർസ്ക്കർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം കോടതിയിൽ നൽകിയത്.
പൊലീസ് ഡ്രൈവറെ മർദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം. ഡിജിപിയുടെ മകളുടെ പരാതിയിലെടുത്ത കേസിൽ തെളിവുകളില്ലെന്നും തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വർഷം മുമ്പാണ് വിരമിച്ചത്.