മുംബൈ: അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ യുവതിയില്‍ നിന്നും കാമുകൻ തട്ടിയെടുത്തത് 17 ലക്ഷം രൂപ. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിയും മര്‍ദ്ദനവും തുടര്‍ന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി. മുപ്പത്തിരണ്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് യുവതിയുടെ കാമുകനായിരുന്ന അക്ഷയ് സിങ്ങിനെയും രണ്ട് ബന്ധുക്കളെയും പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തുവര്‍ഷം മുമ്ബായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് യുവതി അക്ഷയ് സിങ്ങിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ടു വര്‍ഷത്തോളം ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും നഗ്നദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. യുവതിയുമായി സെക്സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതിനിടയില്‍ കാമുകൻ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇരുവരും അകന്നതോടെ യുവാവ് ഭീഷണി ആരംഭിക്കുകയായിരുന്നു.
തന്റെ അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കാതിരിക്കാൻ മാസതോറും ഇയാള്‍ക്ക് പതിനായിരം രൂപ ചെലവിനായി നല്‍കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. കൊടുക്കാൻ പണമില്ലാതായപ്പോള്‍, തന്റെ ആഭരണങ്ങള്‍ പണയം വയ്ക്കാനും അക്ഷയുടെ ബന്ധുവായ സുനിത എന്ന സ്ത്രീയില്‍നിന്നുള്‍പ്പെടെ കടം വാങ്ങാനും തുടങ്ങി. സുനിതയില്‍നിന്നു മൂന്നു ലക്ഷം രൂപ കടം വാങ്ങി. അഞ്ച് ലക്ഷം രൂപയ്ക്ക് തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണയം വച്ചു. സുനിതയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും വീണ്ടു പണം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അക്ഷയും സുനിതയും ചേര്‍ന്ന് വ്യാഴാഴ്ച തന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്നും താൻ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനുണ്ടെന്ന പറയുന്ന വിഡിയോ നിര്‍ബന്ധിച്ച് ചിത്രീകരിച്ചതായും യുവതി പറയുന്നു. ഭീഷണിയും ശല്യവും തുടര്‍ന്നതിനാല്‍ ഭര്‍ത്താവിനേയും ഏതാനും അടുത്ത ബന്ധുക്കളെയും അറിയിക്കുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.